ഓണം വാരാഘോഷം 2026: ആഘോഷങ്ങൾ ഹരിതസന്ദേശം ഉൾക്കൊണ്ടാകണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: ഓണാഘോഷം വലിയൊരു അനുഭവമാക്കി മാറ്റാൻ കഴിയണമെന്നും പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ ‘ഹരിതഓണം’ സന്ദേശം ഉൾക്കൊണ്ടുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്നും സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ‘ഇനിയെങ്ങും പൂക്കാലം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം 2026-ന്റെ ഫെസ്റ്റിവൽ ഓഫീസ് ടൂറിസം വകുപ്പ് ഡയറക്ടറേറ്റിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണം വാരാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്തെ വിവിധ വേദികളിലായി നടക്കുന്ന ആഘോഷങ്ങൾക്കൊപ്പം സംസ്ഥാനത്തെ മറ്റ് 13 ജില്ലകളിലും ഡിറ്റിപിസിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഓണം വാരാഘോഷം 2026-ന്റെ പ്രചരണാർത്ഥം ടൂറിസം വകുപ്പ് തയാറാക്കിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെയും ഓണം പ്രമോഷണൽ വീഡിയോകളുടെ ലോഞ്ചിംഗും ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനവേളയിൽ നടന്നു. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഈ വീഡിയോകൾ പ്രദർശിപ്പിക്കും. ചടങ്ങിൽ വിവിധ കമ്മിറ്റി വൈസ് ചെയർമാൻമാരുടെ സാന്നിധ്യത്തിൽ ഓണം വാരാഘോഷത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. തുടർന്ന് ടൂറിസം വകുപ്പ് ഡയറക്ടറേറ്റ് അങ്കണത്തിലൊരുക്കിയ ഊഞ്ഞാലിൽ ആടിയും പായസം കുടിച്ചും ജീവനക്കാർ സംഘടിപ്പിച്ച ഓണാഘോഷത്തിലും മന്ത്രി പങ്കുചേർന്നു.

ചടങ്ങിൽ ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു ഐ.എ.എസ്., ഡയറക്ടർ അഞ്ജന എം. ഐ.എ.എസ്., കെ.ടി.ഡി.സി. എം.ഡി. ഹർഷിൽ ആർ. മീന ഐ.എ.എസ്., ഓണം വാരാഘോഷത്തിന്റെ വിവിധ കമ്മിറ്റി വൈസ് ചെയർമാൻമാരായ പാലോട് രവി, എം.എ. വാഹിദ്, നെയ്യാറ്റിൻകര സനൽ, ശരത് ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, മര്യാപുരം ശ്രീകുമാർ, കെ.എസ്. ഗോപകുമാർ, ലക്ഷ്മി ആർ., കെ.ടി.ഡി.സി. ചീഫ് എഞ്ചിനീയർ ലേഖ കെ., വിനോദസഞ്ചാര വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *