ടെഹ്റാൻ: അമേരിക്കയുമായുള്ള വെടിനിർത്തൽ നിർദേശത്തിൽ യുഎസ് നൽകിയ പ്രതികരണം ഇറാൻ സർക്കാരിനെ അറിയിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അമേരിക്കൻ പ്രതികരണം പ്രസിഡന്റ് മസൂദ് പെസഷ്കിയാനും മന്ത്രിസഭാംഗങ്ങൾക്കും കൈമാറിയതായി റിപ്പോർട്ട്. പ്രതികരണത്തിന്റെ വിശദാംശങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല.
ഖത്തറിന്റെ മധ്യസ്ഥതയിൽ ന്യൂയോർക്കിൽ യുഎസ്-ഇറാൻ പ്രതിനിധികൾ തമ്മിൽ നടന്ന പരോക്ഷ ചർച്ചകളുടെ തുടർച്ചയായാണ് പുതിയ നീക്കം. ഇറാൻ മുന്നോട്ടുവച്ച നിർദേശത്തിൽ യുഎസ് ഇറാനുമേലുള്ള ഉപരോധങ്ങളും തുറമുഖ ഉപരോധവും നീക്കുകയും പകരം ഹോർമുസ് കടലിടുക്ക് ഏഴ് ദിവസത്തിനകം തുറക്കുകയും ചെയ്യണമെന്ന വ്യവസ്ഥകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇറാന്റെ നിർദേശം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ തള്ളിയതായി വ്യക്തമാക്കിയിരുന്നു. എന്നാൽ ഔദ്യോഗികമായ പ്രതികരണം ലഭിച്ചിരുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. ഇപ്പോൾ യുഎസ് പ്രതികരണം ലഭിച്ചതോടെ നിർദേശം ഇറാൻ നേതൃത്വം പരിശോധിച്ചുവരികയാണ്.
വെടിനിർത്തലിലേക്കുള്ള നടപടികൾ സംബന്ധിച്ച് ഇരു രാജ്യങ്ങളും ചില കാര്യങ്ങളിൽ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും ഏത് നടപടി ആദ്യം നടപ്പാക്കണമെന്നതിലാണ് പ്രധാന തർക്കമെന്ന് ചർച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്. അതേസമയം, മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

