ഓൺലൈൻ മദ്യവിതരണത്തിന് കർശന നിയന്ത്രണം; സൗത്ത് ഓസ്‌ട്രേലിയയിൽ ഹോം ഡെലിവറിക്ക് രണ്ട് മണിക്കൂർ കാത്തിരിപ്പ് നിർബന്ധം

അഡ്‌ലെയ്ഡ്: ഗാർഹിക-ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഓൺലൈൻ മദ്യവിതരണത്തിന് കർശന നിയന്ത്രണങ്ങളുമായി സൗത്ത് ഓസ്‌ട്രേലിയൻ സർക്കാർ. പുതിയ നിയമപ്രകാരം ഓൺലൈൻ വഴി മദ്യം ഓർഡർ ചെയ്താൽ ഹോം ഡെലിവറി ലഭിക്കാൻ കുറഞ്ഞത് രണ്ട് മണിക്കൂർ കാത്തിരിക്കേണ്ടി വരും. ഓർഡർ ചെയ്യുന്നവർക്കും വിതരണക്കാ ർക്കും ഒരുപോലെ ബാധകമായ നിർദ്ദേശങ്ങൾ പ്രകാരം രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ മാത്രമേ ഇനി മുതൽ മദ്യം ഹോം ഡെലിവറി ചെയ്യാൻ അനുവദിക്കൂ. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ പെട്ടെന്ന് മദ്യം എത്തിച്ചേരുന്നതുമൂലമുള്ള അതിക്രമങ്ങൾ തടയുകയാണ് ഈ സുരക്ഷാ ഇടവേളയിലൂടെ ലക്ഷ്യമിടുന്നത്.

ഗാർഹിക, കുടുംബ, ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച റോയൽ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ സുപ്രധാന ശുപാർശകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഗാർഹിക പീഡനങ്ങളിൽ മദ്യത്തിനുള്ള സ്വാധീനം വ്യക്തമാക്കുന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ‘ലിക്വർ ലൈസൻസിംഗ് ആക്ട് 1997’-ൽ ആവശ്യമായ ഭേദഗതികൾ വരുത്തിക്കൊണ്ടാണ് നിയമം നടപ്പാക്കുന്നത്. ഓൺലൈൻ ഡെലിവറി സേവനങ്ങൾക്ക് കൃത്യമായ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

കുടുംബങ്ങളുടെ സുരക്ഷ ലക്ഷ്യമിട്ട് ‘ബിൽഡിംഗ് സേഫർ ഫ്യൂച്ചേഴ്സ്’ എന്ന പേരിൽ അഞ്ച് വർഷത്തെ സമഗ്ര പദ്ധതിയാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. കമ്മീഷന്റെ 12 നിർദ്ദേശങ്ങൾ ഇതിനകം പൂർത്തിയാക്കിയെന്നും 25 എണ്ണത്തിൽ നടപടികൾ പുരോഗമിക്കുകയാണെന്നും പ്രീമിയർ പീറ്റർ മാലിനാസ്കസ് വ്യക്തമാക്കി. പുതിയ നിയമനിർമ്മാണം ഈ വർഷം തന്നെ പാർലമെന്റിൽ പാസാക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച് സുരക്ഷാ നിയമങ്ങളും കാലാനുസൃതമായി പരിഷ്കരിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *