ഇ20 ഇന്ധന തർക്കം: മാരുതി സുസുക്കിക്ക് തിരിച്ചടി; കാർ മാറ്റിനൽകാനോ 20.5 ലക്ഷം രൂപ തിരിച്ചുനൽകാനോ ഉത്തരവ്

റായ്പുർ: ഇ20 പെട്രോൾ ഉപയോഗിച്ചതിന് പിന്നാലെ കാർ തകരാറിലായെന്ന പരാതിയിൽ മാരുതി സുസുക്കിക്കും ഡീലർക്കുമെതിരെ റായ്പുർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്. പരാതിക്കാരന്റെ ഗ്രാൻഡ് വിറ്റാരയ്ക്ക് പകരം ഇ20-ന് അനുയോജ്യമായ പുതിയ വാഹനം നൽകുകയോ, വാഹനം വാങ്ങാൻ ചെലവായ ഏകദേശം 20.5 ലക്ഷം രൂപ തിരിച്ചുനൽകുകയോ ചെയ്യണമെന്നാണ് ഉത്തരവ്.

റായ്പുരിലെ വൃക്കരോഗ വിദഗ്ധനായ ഡോ. പ്രേംരാജ് ദേവത 2024 ജൂണിലാണ് ഗ്രാൻഡ് വിറ്റാര സ്ട്രോങ് ഹൈബ്രിഡ് വാങ്ങിയത്. വാങ്ങി ആറുമാസത്തിനകം എൻജിൻ വാണിങ് ലൈറ്റ് തെളിയുകയും വാഹനം വഴിയിൽ നിശ്ചലമാകുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്നുള്ള മാസങ്ങളിൽ ആറ് തവണയിലധികം സമാന തകരാർ ആവർത്തിച്ചതായും പരാതിക്കാരൻ വ്യക്തമാക്കി.

വാഹനത്തിൽ ഉപയോഗിച്ച ഇന്ധനത്തിലെ പ്രശ്നമാണ് തകരാറിന് കാരണമെന്നാണ് സർവീസ് സെന്റർ ആദ്യം അറിയിച്ചതെന്ന് പരാതിക്കാരൻ പറഞ്ഞു. ഇന്ധന ടാങ്ക് വൃത്തിയാക്കിയിട്ടും പ്രശ്നം ആവർത്തിച്ചു. പിന്നീട് എൻജിൻ ഭാഗങ്ങൾ മാറ്റേണ്ടിവരുമെന്നും ഏകദേശം 5.3 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി ചെലവ് വരുമെന്നും കമ്പനി അറിയിച്ചതിനെ തുടർന്നാണ് ഉപഭോക്താവ് കമ്മിഷനെ സമീപിച്ചത്.

2023 ജനുവരിയിൽ നിർമിച്ച വാഹനമാണ് 2024 ജൂണിൽ പുതിയ വാഹനമായി വിറ്റതെന്ന കാര്യവും കമ്മിഷൻ പരിഗണിച്ചു. ഇ20 ഇന്ധനവുമായി ബന്ധപ്പെട്ട അനുയോജ്യത സംബന്ധിച്ച വിവരങ്ങൾ ഉപഭോക്താവിന് കൃത്യമായി നൽകിയില്ലെന്ന നിലപാടിലാണ് കമ്മിഷൻ മാരുതി സുസുക്കിക്കും ഡീലർക്കുമെതിരെ ഉത്തരവിട്ടത്.

അതേസമയം, വാഹനത്തിലെ തകരാർ ഇ20 ഇന്ധനം മൂലമല്ലെന്നും ഇന്ധനത്തിൽ മലിനീകരണം കണ്ടെത്തിയിട്ടുണ്ടെന്നും മാരുതി സുസുക്കി വാദിച്ചു. വാഹനത്തിന് ഇ20 ഉപയോഗിക്കാനുള്ള ശേഷിയുണ്ടെന്ന് ഉടമയുടെ മാനുവലിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. കമ്മിഷന്റെ ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് മാരുതി വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തരവനുസരിച്ച് 45 ദിവസത്തിനകം പരിഹാരം നടപ്പാക്കണം. കൂടാതെ ഉപഭോക്താവിന് മാനസിക വിഷമത്തിനും ബുദ്ധിമുട്ടിനുമായി ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകാനും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *