നൈജീരിയയിൽ കൂട്ടക്കൊല; വീടുകളിൽ കയറി 25 പേരെ കൊലപ്പെടുത്തി

അബുജ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു. മാംഗു പ്രാദേശിക ഭരണകൂട പരിധിയിലെ ബിൻ പെർ ഗ്രാമത്തിലാണ് തിങ്കളാഴ്ച രാത്രിയോടെ ആക്രമണമുണ്ടായത്. വീടുകളിൽ അതിക്രമിച്ച് കയറിയ സംഘം മഴുവും വാളും ഉപയോഗിച്ചാണ് ആളുകളെ ആക്രമിച്ചതെന്ന് റിപ്പോർട്ട്.

കഴിഞ്ഞയാഴ്ച രണ്ട് ഫുലാനി ഗോത്രവിഭാഗക്കാർ കൊല്ലപ്പെട്ടതിന് പിന്നാലെ സമീപത്തെ മൈറ്റിംബെ ഗ്രാമത്തിലെ വീടുകൾക്ക് തീയിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബിൻ പെർ ഗ്രാമത്തിൽ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്.

പ്ലേറ്റോ മേഖലയിൽ മുസ്‌ലിം-ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിലെ രാഷ്ട്രീയ, സാമ്പത്തിക തർക്കങ്ങളും മതപരമായ സംഘർഷങ്ങളും നിലനിൽക്കുന്നുണ്ട്. തുടർ ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ പ്രദേശത്ത് കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *