കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെ കോഴിക്കോട് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുമെന്നുമാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജാൻമണിയുടെ പരാമർശങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിലെ ആരോപണം. സംഭവത്തെ തുടർന്ന് ജാൻമണി സമൂഹമാധ്യമത്തിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു. ആരെയും വേദനിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയല്ല പരാമർശം നടത്തിയതെന്നും പരസ്യമായി ക്ഷമ ചോദിക്കാൻ തയാറാണെന്നും അവർ വ്യക്തമാക്കിയിരുന്നു.
നേരത്തെ കോഴിക്കോട് സൈബർ ക്രൈം പൊലീസ് ജാൻമണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഭാരതീയ ന്യായസംഹിതയിലെ 192, 356(2) വകുപ്പുകളും കേരള പൊലീസ് ആക്ടിലെ 120(ഒ) വകുപ്പുമാണ് കേസിൽ ചുമത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സമൂഹത്തിൽ ലഹളയുണ്ടാക്കാനും സമാധാനം തകർക്കാനും ഉദ്ദേശിച്ച് പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തെന്ന ആരോപണമാണ് എഫ്ഐആറിൽ ഉന്നയിച്ചിരിക്കുന്നത്.
പരാമർശം വിവാദമായതിനു പിന്നാലെ വിവിധയിടങ്ങളിൽ ബിജെപി, മഹിളാ മോർച്ച പ്രവർത്തകർ ജാൻമണിക്കെതിരെ പരാതികൾ നൽകിയിരുന്നു.

