ടെഹ്റാൻ: യുദ്ധവും ഉപരോധവും മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാനെതിരെ യുഎസ് കൂടുതൽ കടുത്ത സാമ്പത്തിക നടപടികൾ പ്രഖ്യാപിച്ചു. ഇറാനുമായി നേരിട്ടോ പരോക്ഷമായോ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കും ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ട്രംപ് ട്രൂത്ത് സോഷ്യലിൽ നടത്തിയ പ്രഖ്യാപനത്തിൽ, രാജ്യങ്ങൾക്കെതിരായ ഇതുവരെയുള്ളതിൽ ഏറ്റവും കടുത്ത സാമ്പത്തിക നടപടികളിലൊന്നാണ് ആരംഭിക്കുന്നതെന്ന് വ്യക്തമാക്കി. എന്നാൽ ഏത് രാജ്യങ്ങളെയാണ് നടപടിക്ക് വിധേയമാക്കുകയെന്നതടക്കമുള്ള വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
ഇറാനുമായി വ്യാപാരം നടത്തുന്ന വിദേശ ബാങ്കുകൾക്കും കമ്പനികൾക്കുമെതിരായ നടപടികൾ ഉൾപ്പെടുന്നതാണ് പുതിയ നീക്കം. എണ്ണക്കടത്ത്, പണമിടപാട്, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, മുൻനിര കമ്പനികൾ തുടങ്ങിയ മേഖലകളിലെ ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു.
അതേസമയം, യുഎഇ ഇറാനുമായുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ നിർത്തിവച്ചതായി പ്രഖ്യാപിച്ചു. ഇറാനിൽനിന്നുള്ള പുതിയ മിസൈൽ ഭീഷണിയെ തുടർന്നാണ് നടപടിയെന്നാണ് യുഎഇയുടെ വിശദീകരണം. കടൽഗതാഗതത്തെ ലക്ഷ്യമിട്ട് ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചെങ്കിലും അവ കടലിൽ പതിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാന്റെ എണ്ണയുടെ പ്രധാന ഉപഭോക്താക്കളായ ചൈനീസ് കമ്പനികളിലേക്കും യുഎസ് നടപടികൾ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. എണ്ണ കയറ്റുമതി ഇറാന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നായതിനാൽ പുതിയ ഉപരോധങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക സമ്മർദം കൂടുതൽ വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

