തിരുവോണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂർ ; ഉത്രാടം കാഴ്ചക്കുല സമർപ്പണവും വിശേഷാൽ ചടങ്ങുകളും വിപുലമായി നടത്തും

ഗുരുവായൂർ: തിരുവോണാഘോഷത്തിന്റെ ഭാഗമായുള്ള ഉത്രാടം കാഴ്ചക്കുല സമർപ്പണം, ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ചശീവേലി ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾക്കായി ഗുരുവായൂരിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തിയതായി ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. 2026 വർഷത്തെ തിരുവോണാഘോഷങ്ങൾക്കായി 19,10,000 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയിട്ടുണ്ട്.

ഉത്രാട ദിനമായ ഓഗസ്റ്റ് 25 ചൊവ്വാഴ്ച രാവിലെ ശീവേലിക്കു ശേഷമാണ് കാഴ്ചക്കുല സമർപ്പണം നടക്കുക. സ്വർണ്ണക്കൊടിമരച്ചുവട്ടിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും കാഴ്ചക്കുലകൾ സമർപ്പിക്കും. കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. കാഴ്ചക്കുല സമർപ്പിക്കാനെത്തുന്ന ഭക്തർക്ക് കിഴക്കേ ഗോപുര കവാടം വഴി തെക്കേ നട തിടപ്പള്ളി വാതിൽ സമീപത്തുകൂടി (ക്രൂവളത്തിന് സമീപം) വരിനിൽക്കാനും ഇരിക്കാനുമുള്ള സൗകര്യം ഒരുക്കും.

തിരുവോണ നാളായ ഓഗസ്റ്റ് 26 ബുധനാഴ്ച പുലർച്ചെ 4.30-ന് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം നടക്കും. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിക്കും. ഉഷപൂജ വരെ ഓണപ്പുടവ സമർപ്പിക്കാൻ ഭക്തർക്ക് അവസരമുണ്ടാകും. പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിശേഷാൽ കാഴ്ചശീവേലിയും മേളവും അരങ്ങേറും. രാവിലെ നടക്കുന്ന കാഴ്ചശീവേലിക്ക് ഗജവീരന്മാരായ ബൽറാം, ബാലകൃഷ്ണൻ, ജൂനിയർ വിഷ്ണു എന്നിവരും ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് ഇന്ദ്രസെൻ, വിനായകൻ, ചെന്താമരാക്ഷൻ എന്നിവരും രാത്രി ശീവേലിക്ക് രാജശേഖരൻ, ഗോപാലകൃഷ്ണൻ, ശങ്കരനാരായണൻ എന്നീ ദേവസ്വം കൊമ്പന്മാരും കോലമേറ്റും. രാവിലത്തെ ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും സംഘവും ഉച്ചകഴിഞ്ഞുള്ള ശീവേലിക്ക് ഗുരുവായൂർ ശശി മാരാരും സംഘവും മേളം ഒരുക്കും.

തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ ഒൻപതിന് ആരംഭിക്കും. കാളൻ, ഓലൻ, എരിശ്ശേരി, അവിയൽ, പഴം പ്രഥമൻ, മോര്, കായവറവ്, പപ്പടം, അച്ചാർ തുടങ്ങിയ വിഭവങ്ങളോടെയാണ് സദ്യയൊരുക്കുന്നത്. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലുമാണ് പ്രസാദ ഊട്ട് ക്രമീകരിച്ചിരിക്കുന്നത്. അന്നലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്ത് ഒരുക്കും. പ്രസാദ ഊട്ടിനുള്ള വരി ഉച്ചയ്ക്ക് രണ്ടിന് അവസാനിപ്പിക്കുകയും തുടർന്ന് രണ്ട് മണി മുതൽ ബുഫേ സമ്പ്രദായം ആരംഭിക്കുകയും ചെയ്യും.

ഓണനാളുകളിൽ ഗുരുവായൂരപ്പ ദർശനത്തിന് എത്തുന്ന ഭക്തർക്കെല്ലാം ദർശനസൗകര്യം ഉറപ്പാക്കും. പൊതുവരി നിൽക്കുന്ന ഭക്തർക്കാണ് മുൻഗണന. ഭക്തരുടെ സൗകര്യാർത്ഥം പൊതു അവധി ദിനങ്ങളായ ഉത്രാടം മുതൽ ചതയം വരെ (ഓഗസ്റ്റ് 25 മുതൽ 28 വരെ) രാവിലെ ആറു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ സ്പെഷ്യൽ ദർശനം നിയന്ത്രിക്കും. ദർശന സമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം 3.30-ന് നട തുറക്കും.

Leave a Reply

Your email address will not be published. Required fields are marked *