കൊച്ചി: ഓണത്തോടനുബന്ധിച്ച് ഭക്തജനങ്ങളുടെ സൗകര്യാർത്ഥം തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡർ ബസ് സർവീസ് ഏർപ്പെടുത്തുന്നു. ഓഗസ്റ്റ് 23 ഞായറാഴ്ച മുതൽ തിരുവോണ ദിനമായ 26 വരെ കുസാറ്റ് മെട്രോ സ്റ്റേഷനിൽ നിന്നും തൃക്കാക്കര ക്ഷേത്രത്തിലേക്ക് ഫീഡർ സർവീസ് ഉണ്ടായിരിക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. രാവിലെ 6.30 മുതൽ രാത്രി 8 മണി വരെ 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസുകൾ നടത്തുക.
ഇതോടൊപ്പം ഓണക്കാല തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ റെയിൽ ശനിയാഴ്ച മുതൽ അധിക ട്രെയിൻ സർവീസുകളും ആരംഭിക്കും. ഓഗസ്റ്റ് 22, 24, 25 തീയതികളിൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ തിരക്കുള്ള സമയങ്ങളിൽ 6.45 മിനിറ്റ് ഇടവേളയിൽ നാല് അധിക സർവീസുകൾ നടത്തും. ഓഗസ്റ്റ് 23 ഞായറാഴ്ച രണ്ട് ട്രെയിനുകൾ കൂടുതലായി സർവീസ് നടത്തുമെന്നും ഉച്ചകഴിഞ്ഞ് 2.30 മുതൽ 7.13 മിനിറ്റ് ഇടവേളയിൽ എട്ട് അധിക ട്രിപ്പുകൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി

