ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം, ലൈംഗികാവയവം തകര്‍ത്തു

തൊടുപുഴ: ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. അതിക്രമത്തിൽ ജനനേന്ദ്രിയത്തിന് സാരമായി പരിക്കേറ്റ ഇടുക്കി അണക്കര സ്വദേശിയായ പത്തൊൻപതുകാരന്റെ വലത് വൃഷണം അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് സർവീസിങ് കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. പ്രദേശത്തെ ഒരു വാടകവീട്ടിലാണ് വിദ്യാർത്ഥികൾ ഒരുമിച്ച് താമസിച്ചിരുന്നത്. ഇവിടെയുള്ള ചില വിദ്യാർത്ഥികൾ മുറികളിൽ സ്ഥിരമായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് അണക്കര സ്വദേശിയായ വിദ്യാർത്ഥി കാണുകയും, ഇക്കാര്യം മറ്റ് സുഹൃത്തുക്കളെയും സ്ഥാപനത്തിലെ അധ്യാപകരെയും അറിയിക്കുകയുമായിരുന്നു.

വിവരം അധ്യാപകരെ അറിയിച്ചതിലുള്ള പ്രതികാരമായി പ്രതികൾ വിദ്യാർത്ഥിയുടെ മുറിയിൽ അതിക്രമിച്ചു കയറി താഴെ വീഴ്ത്തി നെഞ്ചിലും ജനനേന്ദ്രിയത്തിലും തുടർച്ചയായി ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. അടിയേറ്റ ഭാഗത്ത് ആന്തരിക രക്തസ്രാവവും കടുത്ത പരിക്കുമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ പരിശോധിച്ച ഡോക്ടർമാർ, വലത് വൃഷണത്തിന് ഗുരുതരമായ തകരാറ് സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തത്.

സംഭവത്തിൽ തൊടുപുഴ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിൽ പങ്കാളികളായ മുഴുവൻ പ്രതികൾക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *