ചെന്നൈ: തമിഴ്നാട് സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതിക്കായി ജോയ് ആലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും സർക്കാർ പണി ഉത്തരവ് നൽകി.
പദ്ധതിയുടെ ഭാഗമായി ഒരു ഗ്രാം വീതമുള്ള 4,41,667 സ്വർണ മോതിരങ്ങളാണ് വാങ്ങുന്നത്. ജൂലൈ 14ന് തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപറേഷൻ ടെൻഡർ ക്ഷണിച്ചിരുന്നു. 11 പ്രമുഖ ആഭരണ സ്ഥാപനങ്ങൾ ടെൻഡറിൽ പങ്കെടുത്തു.
ഒരു ഗ്രാം സ്വർണത്തിന്റെ വിലയ്ക്ക് പുറമേ നിർമാണച്ചെലവ്, ഇൻഷുറൻസ്, ഗതാഗതം, ബിഐഎസ് ഹാൾമാർക്കിങ് തുടങ്ങിയ അധിക ചെലവുകൾക്കായി ഒരു മോതിരത്തിന് 0.01 രൂപ (ഒരു പൈസ) മാത്രമാണ് ജോയ് ആലുക്കാസ് ക്വോട്ട് ചെയ്തത്. ഇതോടെ കമ്പനി ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ L1 ബിഡ്ഡറായി.
ടെൻഡർ വ്യവസ്ഥകൾ പ്രകാരം മറ്റ് 10 കമ്പനികളോടും ഏറ്റവും കുറഞ്ഞ നിരക്ക് അംഗീകരിക്കുമോയെന്ന് സർക്കാർ ചോദിച്ചു. ജോയ് ആലുക്കാസ് ക്വോട്ട് ചെയ്ത നിരക്ക് അംഗീകരിക്കാൻ കല്യാൺ ജ്വല്ലേഴ്സ് മാത്രമാണ് തയ്യാറായത്. തുടർന്ന് ജോയ് ആലുക്കാസിന് 70 ശതമാനവും കല്യാൺ ജ്വല്ലേഴ്സിന് 30 ശതമാനവും എന്ന അനുപാതത്തിൽ കരാർ അനുവദിച്ചു. പദ്ധതിയുടെ ആദ്യ നാല് മാസത്തേക്കുള്ള 1,28,499 മോതിരങ്ങളാണ് ഇരു കമ്പനികളും ചേർന്ന് വിതരണം ചെയ്യുക.
ജൂൺ 22, 2026 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികളെയും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 15ന് പദ്ധതി ഔദ്യോഗികമായി ആരംഭിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സർക്കാർ ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനും നവജാത ശിശുവിന്റെ ജനനം അനുസ്മരിക്കുന്നതിനും മാതൃത്വത്തെ ആദരിക്കുന്നതിനുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കുന്നു.

