ടെഹ്റാൻ: ഇറാഖിൽനിന്നുള്ള ഏതാനും എണ്ണ ടാങ്കറുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ പ്രത്യേക അനുമതി നൽകി. ഇറാഖ് സർക്കാർ പലതവണ നടത്തിയ അഭ്യർഥനകൾക്ക് പിന്നാലെയാണ് തീരുമാനമെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ആറുമാസമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം വലിയ തോതിൽ തടസ്സപ്പെട്ട സാഹചര്യത്തിലാണ് ഇറാഖിന്റെ ആവശ്യം. ഇറാഖിന്റെ എണ്ണ കയറ്റുമതിയുടെ വലിയൊരു ഭാഗം ഈ കടലിടുക്കിനെ ആശ്രയിക്കുന്നതിനാൽ ഗതാഗത നിയന്ത്രണം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നതാണ്.
ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫിന്റെ ഇറാഖ് സന്ദർശനത്തിനിടെയും ടാങ്കറുകൾക്ക് പ്രത്യേക അനുമതി നൽകണമെന്ന ആവശ്യം ഇറാഖ് ഉന്നയിച്ചിരുന്നു. തുടർന്ന് നടന്ന നയതന്ത്ര ഇടപെടലുകൾക്കൊടുവിലാണ് ഏതാനും ഇറാഖി എണ്ണക്കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി ലഭിച്ചത്.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല. കപ്പൽ സഞ്ചാരം വളരെ കുറഞ്ഞ നിലയിലാണ് തുടരുന്നത്. ആഗോള എണ്ണ, എൽഎൻജി വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസിലൂടെയുള്ള ഗതാഗതത്തിലെ നിയന്ത്രണം അന്താരാഷ്ട്ര ഊർജവിപണിയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഇറാഖ് ഇതേസമയം എണ്ണ കയറ്റുമതിക്കായി ഹോർമുസിന് പുറമെയുള്ള മാർഗങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. തുർക്കിയിലെ ജെയ്ഹാൻ തുറമുഖം, സിറിയയിലെ ബനിയാസ്, ജോർദാനിലെ അഖബ എന്നിവ വഴിയുള്ള കയറ്റുമതി സാധ്യതകൾ രാജ്യം പരിഗണിക്കുന്നുണ്ട്.

