ന്യൂഡൽഹി: രാജ്യത്തെ എൽപിജി വിതരണ ശൃംഖല വിപുലീകരിക്കുന്നതിനായി 1,800 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് പൈപ്പ്ലൈൻ പദ്ധതികൾക്ക് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (PNGRB) അനുമതി നൽകി. തെലങ്കാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക, ഗോവ എന്നീ ആറ് സംസ്ഥാനങ്ങളിലൂടെയാണ് പദ്ധതികൾ കടന്നുപോകുക. ഏകദേശം 7,000 കോടി രൂപയാണ് പദ്ധതികൾക്കായി പ്രതീക്ഷിക്കുന്ന മൂലധന നിക്ഷേപം.
ഗെയിൽ (ഇന്ത്യ) ലിമിറ്റഡാണ് പദ്ധതികൾ നടപ്പാക്കുക. തെലങ്കാനയിലെ ചെർലാപ്പള്ളിയിൽ നിന്ന് മഹാരാഷ്ട്രയിലെ നാഗ്പുരിലേക്കുള്ള 556 കിലോമീറ്റർ പൈപ്പ്ലൈൻ, ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്ന് ഉത്തരാഖണ്ഡിലെ സിതാർഗഞ്ചിലേക്കുള്ള 611 കിലോമീറ്റർ പൈപ്പ്ലൈൻ, മഹാരാഷ്ട്രയിലെ ഷിക്രാപുരിൽ നിന്ന് ഗോവ, കർണാടകയിലെ ഹൂബ്ലി എന്നിവിടങ്ങളിലേക്കുള്ള 633 കിലോമീറ്റർ പൈപ്പ്ലൈൻ എന്നിവയാണ് അംഗീകരിച്ച പദ്ധതികൾ.
പദ്ധതികൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ എൽപിജി പൈപ്പ്ലൈൻ ശൃംഖല നിലവിലെ ഏകദേശം 7,700 കിലോമീറ്ററിൽ നിന്ന് 9,500 കിലോമീറ്ററായി ഉയരും. ഇതോടെ ശൃംഖലയിൽ ഏകദേശം 24 ശതമാനം വർധനയുണ്ടാകും.
നിലവിൽ രാജ്യത്തെ എൽപിജി ഇറക്കുമതിയുടെ വലിയൊരു പങ്ക് തീരദേശ കേന്ദ്രങ്ങളിലൂടെയാണ് എത്തിക്കുന്നത്. അവിടെനിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് റോഡ് മാർഗം ഉൾപ്പെടെ ഇന്ധനം എത്തിക്കുന്നതിനുപകരം പൈപ്പ്ലൈൻ ശൃംഖല വികസിപ്പിക്കുന്നത് വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുമെന്നാണ് PNGRB വിലയിരുത്തുന്നത്.
എൽപിജി ടാങ്കർ വാഹനങ്ങളുടെ റോഡ് ഗതാഗതം കുറയ്ക്കുന്നതിലൂടെ റോഡ് സുരക്ഷ മെച്ചപ്പെടുത്താനും ഗതാഗതക്കുരുക്ക്, ലോജിസ്റ്റിക് ചെലവ്, കാർബൺ പുറന്തള്ളൽ എന്നിവ കുറയ്ക്കാനും പുതിയ ശൃംഖല സഹായിക്കുമെന്ന് അധികൃതർ പറയുന്നു. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ 2,757 കിലോമീറ്റർ കണ്ട്ല–ഗോരഖ്പുർ എൽപിജി പൈപ്പ്ലൈൻ പദ്ധതിക്ക് നേരത്തെ അനുമതി ലഭിച്ചിരുന്നു.

