ന്യൂഡൽഹി: ജപ്പാനിലെ ഐച്ചി–നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടിക കേന്ദ്ര കായിക മന്ത്രാലയം അംഗീകരിച്ചു. 35 കായിക ഇനങ്ങളിലായി 492 താരങ്ങളാണ് നിലവിലെ പട്ടികയിലുള്ളത്. ഇതിൽ 265 പുരുഷന്മാരും 227 വനിതകളുമാണ്. 28 മലയാളികളും ഇന്ത്യൻ സംഘത്തിലുണ്ട്.
സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാല് വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. നിലവിലെ പട്ടികയിൽ ഏറ്റവും കൂടുതൽ താരങ്ങളുള്ളത് അത്ലറ്റിക്സിലാണ്. 73 താരങ്ങളാണ് അത്ലറ്റിക്സ് സംഘത്തിലുള്ളത്. നീരജ് ചോപ്ര, എം. ശ്രീശങ്കർ, ഗുൽവീർ സിങ്, തേജസ്വിൻ ശങ്കർ, ജ്യോതി യറാജി തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്.
ബാഡ്മിന്റണിൽ 20 താരങ്ങളും ഷൂട്ടിങ്ങിൽ 30 താരങ്ങളുമുണ്ട്. പി.വി. സിന്ധു, ലക്ഷ്യ സെൻ, സാത്വിക് സായിരാജ്–ചിരാഗ് ഷെട്ടി സഖ്യം, ഗായത്രി ഗോപിചന്ദ്–ട്രീസ ജോളി സഖ്യം എന്നിവരും സംഘത്തിലുണ്ട്. ക്രിക്കറ്റിൽ പുരുഷ-വനിതാ ടീമുകളിലായി 15 വീതം താരങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സമർപ്പിച്ച പട്ടികയിൽ ചില ഇനങ്ങളിലെ താരങ്ങളുടെ എണ്ണം കായിക മന്ത്രാലയം കുറച്ചിട്ടുണ്ട്. അതിനാൽ നിലവിലെ പട്ടിക അന്തിമമായിരിക്കണമെന്നില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ കൂടുതൽ താരങ്ങളെ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സഹായ സ്റ്റാഫിന്റെ പട്ടികയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 661 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്. ഇത്തവണ യോഗ്യതാ മാനദണ്ഡങ്ങൾ കർശനമാക്കിയതോടെയാണ് താരങ്ങളുടെ എണ്ണം കുറഞ്ഞത്.

