ഹൈദരാബാദ്: രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ 100 സിക്സറുകൾ നേടുന്ന ആറാമത്തെ ഇന്ത്യൻ ബാറ്ററായി മലയാളി താരം സഞ്ജു സാംസൺ. വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 മത്സരത്തിലാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ 23 പന്തിൽ 56 റൺസാണ് താരം നേടിയത്. ഇതിൽ ആറ് ഫോറും നാല് സിക്സറും ഉൾപ്പെടുന്നു.
നേട്ടത്തോടെ രാജ്യാന്തര ടി20യിൽ സഞ്ജുവിന്റെ സിക്സറുകളുടെ എണ്ണം 102 ആയി. ഇന്ത്യൻ താരങ്ങളിൽ 205 സിക്സറുകളുമായി രോഹിത് ശർമയാണ് ഒന്നാമത്. സൂര്യകുമാർ യാദവ് (179), അഭിഷേക് ശർമ (141), ഹാർദിക് പാണ്ഡ്യ (126), വിരാട് കോലി (124) എന്നിവരാണ് പട്ടികയിൽ സഞ്ജുവിന് മുന്നിലുള്ള മറ്റു താരങ്ങൾ.
മത്സരത്തിൽ സഞ്ജു നേടിയ സിക്സറുകളിലൊന്ന് രാജ്യാന്തര ടി20യിൽ ഇന്ത്യയുടെ 2,000-ാമത്തെ സിക്സറുമായിരുന്നു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. വെസ്റ്റ് ഇൻഡീസാണ് ഈ പട്ടികയിൽ ഒന്നാമത്.
2026ൽ ഇതുവരെ 24 മത്സരങ്ങളിൽനിന്ന് 687 റൺസാണ് സഞ്ജു നേടിയത്. 178.44 ആണ് സ്ട്രൈക്ക് റേറ്റ്. ടി20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് അർധസെഞ്ചുറികൾ നേടി ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജുവിന്റെ മറ്റൊരു പ്രധാന വ്യക്തിഗത നേട്ടം കൂടിയാണിത്.
എന്നാൽ ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ഇന്ത്യക്ക് വിജയിക്കാനായില്ല. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 223 റൺസിന് പുറത്തായി. 24 റൺസിനായിരുന്നു വെസ്റ്റ് ഇൻഡീസിന്റെ ജയം. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 2–2 എന്ന നിലയിലായി.

