ഡോക്ടറും ആംബുലൻസ് ഡ്രൈവറുമില്ല; അട്ടപ്പാടിയിൽ മൂന്നര വയസ്സുകാരന് ചികിത്സ വൈകിയത് രണ്ട് മണിക്കൂർ

അട്ടപ്പാടി: ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ അടിയന്തര ചികിത്സ തേടിയെത്തിയ മൂന്നര വയസ്സുകാരന് ഡോക്ടറും ആംബുലൻസ് ഡ്രൈവറും ഇല്ലാത്തതിനെ തുടർന്ന് വിദഗ്ധ ചികിത്സ ലഭിക്കാൻ രണ്ട് മണിക്കൂറോളം വൈകിയതായി പരാതി. ഷോളയൂർ സ്വദേശികളായ സന്തോഷ്, അക്സ ദമ്പതികളുടെ മകനാണ് ഈ ദുരനുഭവം ഉണ്ടായത്.

ചൊവ്വാഴ്ച രാവിലെ 9.30-ഓടെ കുട്ടിക്ക് അപസ്മാരമുണ്ടായതിനെ തുടർന്നാണ് രക്ഷിതാക്കൾ ഉടൻ തന്നെ ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ ഈ സമയം ആശുപത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമായിരുന്നില്ല. ഒരു ഡ്യൂട്ടി നഴ്സും അറ്റൻഡറും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. കുട്ടിയുടെ നില കണക്കിലെടുത്ത് വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമായിരുന്നു. എന്നാൽ ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിരുന്നിട്ടും ഡ്രൈവർ ഇല്ലാത്തതിനാൽ യാത്ര തടസ്സപ്പെട്ടു.

ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റ് ഒന്നര ആഴ്ചയായി അവധിയിലായിരുന്നിട്ടും പകരം സംവിധാനം ഏർപ്പെടുത്തിയിരുന്നില്ലെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. കുട്ടിക്ക് അടിയന്തരമായി ഓക്സിജൻ പിന്തുണ ആവശ്യമായിരുന്നതിനാൽ മറ്റ് സ്വകാര്യ വാഹനങ്ങളിൽ കൊണ്ടുപോകാനും സാധിച്ചില്ല. ഒടുവിൽ കോട്ടത്തറയിൽ നിന്നും മറ്റൊരു ആംബുലൻസ് ഷോളയൂരിൽ എത്തിച്ചാണ് കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.

ആശുപത്രിയിൽ എത്തിക്കുമ്പോൾ സമയം 11 മണിയായിരുന്നു. അധികൃതരുടെ അനാസ്ഥ കാരണം കുട്ടിക്ക് ചികിത്സ ലഭിക്കാൻ രണ്ട് മണിക്കൂറോളം വൈകിയതായി കുടുംബം പരാതിപ്പെടുന്നു. അടിയന്തര ചികിത്സയ്ക്കായി കിലോമീറ്ററുകൾ താണ്ടി എത്തുന്ന രോഗികൾക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോലും ഡോക്ടറുടെ സേവനം ലഭിക്കാത്തത് അട്ടപ്പാടി മേഖലയിലെ രോഗികൾക്ക് വലിയ തിരിച്ചടിയാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *