നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഭൂചലനമല്ല, ഹിമാനി തകർച്ചയെന്ന് യു.എസ്. ജിയോളജിക്കൽ സർവേ; മരണസംഖ്യ 157 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിന് കാരണം ഭൂചലനമല്ലെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ (യു.എസ്.ജി.എസ്). ഹിമപാളികളുടെ തകർച്ചയും തുടർന്നുണ്ടായ അവശിഷ്ടങ്ങളുടെ പ്രവാഹവുമാണ് താഴ്‌വരയിൽ വൻ വിനാശം വിതച്ച ദുരന്തത്തിന് വഴിവെച്ചതെന്ന് യു.എസ്.ജി.എസ് വ്യക്തമാക്കി. ടിബറ്റിലുണ്ടായ ഭൂകമ്പമാണ് മണ്ണിടിച്ചിലിനും പ്രളയത്തിനും കാരണമെന്നായിരുന്നു നേരത്തെയുള്ള പ്രാഥമിക നിഗമനം.

നേപ്പാൾ സമയം രാവിലെ 8:37-ന് കാഠ്മണ്ഡുവിന് വടക്ക് നേപ്പാൾ-ചൈന അതിർത്തിയിൽ 4.4 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി ഇന്നലെ യു.എസ്.ജി.എസ് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും, പിന്നീട് ഇത് ഭൂകമ്പമല്ലെന്നും ‘ഹിമാനിയുടെ തകർച്ചയും അവശിഷ്ട പ്രവാഹവുമാണ്’ ഉണ്ടായതെന്നും ഏജൻസി തിരുത്തുകയായിരുന്നു.

പ്ലാനറ്റ് ലാബ്സിന്റെ ഉപഗ്രഹ ചിത്രങ്ങളിലെ പ്രാരംഭ സൂചനകൾ പ്രകാരം, നേപ്പാൾ-ചൈന റസുവാഗാധി അതിർത്തിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ (12 മൈൽ) വടക്കുകിഴക്കായിട്ടുള്ള ലെൻഡെ നദിയിലേക്ക് മഞ്ഞുപാളികളും പാറകളും ഇടിഞ്ഞുവീണതാണ് മിന്നൽ പ്രളയത്തിന് കാരണമായത്. ചൈനയിൽ നിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദിയുടെ പോഷകനദിയാണ് ലെൻഡെ ഖോല നദി.

അതേസമയം, പ്രളയത്തിൽ ഇതുവരെ 157 പേർ മരിച്ചതായാണ് വിവരം. 142 ഇന്ത്യക്കാർ അടക്കം 750-ഓളം പേരെ കാണാതായിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളായ റസുവ ഉൾപ്പെടെയുള്ള ഇടങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *