മെൽബൺ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകളായ അനയ ബംഗാറിന് ഓസ്ട്രേലിയയിൽ വനിതാ ക്രിക്കറ്റ് കളിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അനുമതി. നിലവിൽ ഓസ്ട്രേലിയയിലെ വനിതാ കമ്മ്യൂണിറ്റി, പ്രീമിയർ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കാൻ അനയയ്ക്ക് കഴിയും. എലൈറ്റ് വനിതാ ക്രിക്കറ്റിൽ കളിക്കാനുള്ള യോഗ്യത 2027 മാർച്ച് മുതൽ ലഭിക്കാനുള്ള സാധ്യതയാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം തുറക്കുന്നത്.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ട്രാൻസ്ജെൻഡർ, ജെൻഡർ ഡൈവേഴ്സ് താരങ്ങൾക്കായുള്ള നയത്തിന്റെ അടിസ്ഥാനത്തിലാണ് അനയയുടെ യോഗ്യത വിലയിരുത്തിയത്. എലൈറ്റ് ക്രിക്കറ്റിൽ പങ്കെടുക്കുന്നതിന് നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. രക്തപരിശോധനയിൽ സീറം ടെസ്റ്റോസ്റ്റിറോൺ നില നിശ്ചിത പരിധിയായ 10 nmol/Lൽ താഴെ തുടരുന്നതുൾപ്പെടെയുള്ള മാനദണ്ഡങ്ങളാണ് പ്രധാനമായും പാലിക്കേണ്ടത്.
വനിതാ ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയമായ ആഭ്യന്തര ടൂർണമെന്റുകളിലൊന്നായ വിമൻസ് ബിഗ് ബാഷ് ലീഗിൽ (WBBL) കളിക്കാനുള്ള സാധ്യതയും ഇതോടെ അനയയ്ക്ക് മുന്നിൽ തുറന്നിട്ടുണ്ട്. എന്നാൽ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അനുമതി ലഭിച്ചതുകൊണ്ട് WBBL ടീമിൽ ഇടം ഉറപ്പായിട്ടില്ല. മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി പ്രകടനം കാഴ്ചവയ്ക്കുകയും തുടർന്ന് ടീമിന്റെ തിരഞ്ഞെടുപ്പിന് അർഹത നേടുകയും വേണം. അനയയും തനിക്ക് ലഭിച്ചത് ടീമിലെ സ്ഥാനമല്ല, മറിച്ച് മുന്നോട്ടുപോകാനുള്ള വഴിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മുംബൈയുടെ പ്രായപരിധി ക്രിക്കറ്റിൽ കളിച്ചിട്ടുള്ള അനയ, സര്ഫറാസ് ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം പ്രായപരിധി മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തതിന് ശേഷം വീണ്ടും മത്സരരംഗത്തേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് അവർ. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം ക്രിക്കറ്റ് കരിയർ അവസാനിച്ചെന്ന് കരുതിയിരുന്ന ഘട്ടത്തിൽ ലഭിച്ച വലിയ അവസരമാണെന്ന് അനയ പ്രതികരിച്ചു.
അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) എലൈറ്റ് വനിതാ ക്രിക്കറ്റിലെ ട്രാൻസ്ജെൻഡർ താരങ്ങളെ സംബന്ധിച്ച നയവും ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിന്റെ നയവും തമ്മിൽ വ്യത്യാസമുണ്ട്. അതിനാൽ ഓസ്ട്രേലിയയിൽ ആഭ്യന്തര എലൈറ്റ് ക്രിക്കറ്റിന് യോഗ്യത നേടുന്നത് അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ കളിക്കാനുള്ള അനുമതിയായി കണക്കാക്കാനാകില്ല.

