ആലപ്പുഴ: കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിൽ കേസ് അന്വേഷണം അവസാനിപ്പിക്കാൻ കേരള പൊലീസ് നീക്കം. കേസിൽ പുതുതായി അന്വേഷണം നടത്തിയ സംഘം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുറുപ്പ് വർഷങ്ങൾക്കുമുൻപ് മരിച്ചിരിക്കാമെന്ന നിഗമനത്തിലെത്തിയത്. ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം ക്രൈംബ്രാഞ്ച് മേധാവിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
1984ൽ ചാക്കോയെ കൊലപ്പെടുത്തി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ് സുകുമാര കുറുപ്പ്. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ കുറുപ്പിനെ കണ്ടെത്താൻ നാല് പതിറ്റാണ്ടിലേറെയായി അന്വേഷണം തുടരുകയായിരുന്നു.
തീർപ്പാകാതെ കിടക്കുന്ന കേസുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ഏകദേശം മൂന്ന് മാസം മുമ്പാണ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്. ജാർഖണ്ഡിൽ നഴ്സായി ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിനി രത്നമ്മയുടെ മൊഴിയാണ് പുതിയ അന്വേഷണത്തിൽ പ്രധാനമായും പരിഗണിച്ചത്. 1988ൽ ജാർഖണ്ഡിലെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഒരാളെ കുറുപ്പാണെന്ന് സംശയിച്ച് കണ്ടതായി രത്നമ്മ മൊഴി നൽകിയിരുന്നു. ഇയാൾ ‘ജോഷി’ എന്ന പേരിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതെന്നാണ് മൊഴി.
അന്ന് ഏകദേശം 40 വയസ്സുണ്ടായിരുന്ന കുറുപ്പ് ഗുരുതരമായ ഹൃദ്രോഗം ബാധിച്ചിരുന്നതായാണ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിൽ പിന്നീട് നാല് പതിറ്റാണ്ടോളം അദ്ദേഹം ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കുറുപ്പ് ഒളിവിൽ പോയതിന് ശേഷം കുടുംബാംഗങ്ങളുമായി ബന്ധം പുലർത്തിയിട്ടില്ലെന്ന വിവരവും പൊലീസ് പരിശോധിച്ചിട്ടുണ്ട്.
സുകുമാര കുറുപ്പ് മരിച്ചുവെന്നതിന് നേരിട്ടുള്ള തെളിവ് നിലവിൽ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നിഗമനമാണ് കേസ് അവസാനിപ്പിക്കുന്നതിനുള്ള നടപടിക്ക് പിന്നിൽ. അതിനാൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ബന്ധപ്പെട്ട അധികാരികൾ അത് പരിശോധിക്കുകയും ചെയ്ത ശേഷമായിരിക്കും കേസിന്റെ തുടർനടപടികളിൽ അന്തിമ തീരുമാനം ഉണ്ടാകുക.
നേരത്തെയും കുറുപ്പ് വർഷങ്ങൾക്കുമുമ്പ് മരിച്ചിരിക്കാമെന്ന നിഗമനങ്ങൾ ഉയർന്നിരുന്നു. മുൻ കേരള ഡിജിപി അലക്സാണ്ടർ ജേക്കബും കുറുപ്പിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും 2010ന് മുമ്പ് തന്നെ മരിച്ചിരിക്കാമെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അത്തരം വിലയിരുത്തലുകൾക്ക് പുറമെ കുറുപ്പിന്റെ മരണത്തിന് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല.

