സിഡ്നി: തൊഴിൽ അഭിമുഖത്തിന് വൈകിയെന്ന വിചിത്ര ന്യായം പറഞ്ഞ് ഹണ്ടർ എക്‌സ്‌പ്രസ്‌വേയിലൂടെ മണിക്കൂറിൽ 198 കിലോമീറ്റർ വേഗത്തിൽ ബൈക്കോടിച്ച ഇരുപത്തിമൂന്നുകാരനായ പ്രൊവിഷണൽ (P1) ഡ്രൈവർ പോലീസിന്റെ പിടിയിലായി. ബുക്കാനന് സമീപം ചുവന്ന ഹോണ്ട ബൈക്കിൽ അമിതവേഗതയിൽ സഞ്ചരിക്കവെയാണ് ഹൈവേ പട്രോൾ വിഭാഗം ഇയാളെ കൈയോടെ പിടികൂടിയത്.
റോഡിലെ പരമാവധി വേഗപരിധി 110 കിലോമീറ്ററും, പി1 ലൈസൻസ് ഉടമകൾക്ക് അനുവദനീയമായ പരമാവധി വേഗം 90 കിലോമീറ്ററുമായിരിക്കെയാണ് നിയമങ്ങൾ കാറ്റിൽപ്പറത്തി യുവാവ് 198 കിലോമീറ്റർ വേഗതയിൽ ബൈക്ക് പായിച്ചത്. താൻ ഒരു ജോബ് ഇന്റർവ്യൂവിന് വൈകിയതിനാലാണ് ഇത്രയും വേഗതയിൽ പോയതെന്നാണ് ഇയാൾ പോലീസിന് നൽകിയ വിശദീകരണം.
തുടർന്ന് നടത്തിയ പരിശോധനയിൽ, ഇതേ വർഷം തന്നെ അനുവദനീയമായ പരിധിയേക്കാൾ 45 കിലോമീറ്ററിലധികം വേഗതയിൽ വാഹനമോടിച്ചതിന് ഇയാൾ നേരത്തെയും പിടിയിലായിരു ന്നതായി പോലീസ് കണ്ടെത്തി. നിയമലംഘനം ആവർത്തിച്ച പശ്ചാത്തലത്തിൽ യുവാവിന്റെ ഡ്രൈവിംഗ് ലൈസൻസ് ഉടനടി സസ്‌പെൻഡ് ചെയ്യുകയും ബൈക്കിന്റെ നമ്പർ പ്ലേറ്റുകൾ പോലീസ് കണ്ടുകെട്ടുകയും ചെയ്തു. നിരത്തുകളിൽ മറ്റുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന ഇത്തരം അമിതവേഗതയ്ക്കെതിരെ കർശന നടപടി തുടരുമെന്ന് പോലീസ് വ്യക്തമാക്കി.

