900 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങൾ തകർക്കാം; ഓസ്‌ട്രേലിയൻ വ്യോമസേനയുടെ കരുത്ത് കൂട്ടി അത്യാധുനിക മിസൈലുകൾ

കാൻബറ: പ്രതിരോധ സംവിധാനങ്ങൾ ശക്തമായ ശത്രുതാവളങ്ങളെ വിദൂരത്തുനിന്ന് കൃത്യമായി ആക്രമിച്ച് തകർക്കാൻ ശേഷിയുള്ള രണ്ട് അത്യാധുനിക ദീർഘദൂര മിസൈലുകൾ റോയൽ ഓസ്‌ട്രേലിയൻ എയർഫോഴ്‌സ് (RAAF) ഔദ്യോഗികമായി സേനയുടെ ഭാഗമാക്കി. AGM-158B ‘ജാസ്സം-ഇആർ’ (JASSM-ER), AGM-158C ‘എൽറാസം’ (LRASM) എന്നീ മിസൈലുകളാണ് പ്രാഥമിക പ്രവർത്തന സജ്ജത (Initial Operational Capability – IOC) പൂർത്തിയാക്കി സർവീസിലേക്ക് പ്രവേശിച്ചത്.

കരയിലെ ലക്ഷ്യങ്ങളിലേക്ക് 900 കിലോമീറ്റർ വരെ ദൂരപരിധിയിൽ തൊടുത്തുവിടാൻ കഴിയുന്ന എയർ-ടു-സർഫസ് ക്രൂയിസ് മിസൈലാണ് ‘ജാസ്സം-ഇആർ’. അതേസമയം, 370 കിലോമീറ്ററിലധികം ദൂരെയുള്ള യുദ്ധക്കപ്പലുകളെ കൃത്യമായി തകർക്കാൻ ശേഷിയുള്ള ആന്റി-ഷിപ്പ് മിസൈലാണ് ‘എൽറാസം’. ഇരു മിസൈലുകളും ഓസ്‌ട്രേലിയൻ വ്യോമസേനയുടെ എഫ്/എ-18എഫ് സൂപ്പർ ഹോർണറ്റ് പോർവിമാനങ്ങളിൽ നിന്നാണ് പ്രധാനമായും വിക്ഷേപിക്കുക. ഇതിനുപുറമെ, പി-8എ പൊസൈഡൻ നിരീക്ഷണ വിമാനത്തിൽ നിന്നുള്ള എൽറാസം മിസൈലിന്റെ പരീക്ഷണ വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കിയിരുന്നു.

മേഖലയിലെ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ പ്രതിരോധശേഷിയും പ്രഹരശേഷിയും കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദീർഘദൂര ആയുധങ്ങൾ സേനയിൽ വിന്യസിച്ചിരിക്കുന്നത്. വ്യോമസേനയ്ക്ക് എതിരാളികളുടെ പ്രതിരോധ മേഖലകളിൽ പ്രവേശിക്കാതെ തന്നെ ദൂരെനിന്ന് ആക്രമണം നടത്താനുള്ള സുരക്ഷിതത്വം ഇതുവഴി ലഭിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *