സിഡ്നി: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിച്ച കേസിൽ അൻപത്തിയാറുകാരിയായ നിർമീൻ നൗഫലിന് ആറ് വർഷവും മൂന്ന് മാസവും തടവുശിക്ഷ വിധിച്ച് കോടതി. ഭർത്താവ് മംദൂഹ് നൗഫലിനെ കൊലപ്പെടുത്തിയ കേസിലാണ് സിഡ്നി സ്വദേശിയായ നിർമീനെ ശിക്ഷിച്ചത്. മൂന്ന് വർഷത്തെ നോൺ-പരോൾ കാലാവധിയോടെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2024-ൽ ഇവരെ അറസ്റ്റ് ചെയ്ത തീയതി മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഈ കാലാവധി കണക്കാക്കുന്നത് എന്നതിനാൽ, 2027 ഒക്ടോബറോടെ ഇവർക്ക് പരോൾ വഴി മോചനത്തിന് അർഹത ലഭിച്ചേക്കും.
2023 മെയ് മാസത്തിൽ ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ തർക്കത്തിനിടെയാണ് മംദൂഹ് കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കി സിഡ്നിയുടെ വിവിധ ഭാഗങ്ങളിലുള്ള മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് കൃത്യം നടന്ന വീട് ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ നിർമീൻ, ഭർത്താവ് ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തിത്തീർക്കാൻ അദ്ദേഹത്തിന്റെ മൊബൈൽ ഫോണും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഉപയോഗിക്കുന്നത് തുടർന്നു.
എന്നാൽ, വർഷങ്ങളായി നിർമീൻ അനുഭവിച്ച കടുത്ത ഗാർഹിക പീഡനങ്ങളും ക്രൂരമായ അതിക്രമങ്ങളും കണക്കിലെടുത്താണ് ശിക്ഷാവിധി നിർണ്ണയിച്ചതെന്ന് കോടതി വ്യക്തമാക്കി. ഇരയാക്കപ്പെട്ട സ്ത്രീയുടെ മുൻകാല ജീവിത സാഹചര്യങ്ങളും മാനസികാവസ്ഥയും പരിഗണിച്ചാണ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് (Manslaughter) ഈ ശിക്ഷ നിശ്ചയിച്ചതെന്ന് ജഡ്ജി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

