വാഷിങ്ടൺ: യുഎസ് വ്യോമസേനയുടെ സുപ്രധാന ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനമായ ‘ക്ലൗഡ് വൺ’ (Cloud One) ഹാക്കർമാർ തകർത്തതായി റിപ്പോർട്ട്. സൈനിക പ്രവർത്തനങ്ങൾ, ഉദ്യോഗസ്ഥരുടെ ശമ്പള വിവരങ്ങൾ, ആയുധങ്ങളുടെ നീക്കവും സംഭരണവും ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സംവിധാനത്തിലാണ് സൈബർ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ആരാണെന്നോ എത്രത്തോളം വിവരങ്ങൾ ചോർന്നെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
കഴിഞ്ഞ ഒരു മാസത്തിനിടെ സംവിധാനത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സുരക്ഷാവീഴ്ച കണ്ടെത്തിയത്. ഇതേത്തുടർന്ന് ക്ലൗഡ് വൺ സംവിധാനത്തിന്റെ പ്രവർത്തനങ്ങളിൽ തടസമുണ്ടായി. പ്ലാറ്റ്ഫോമിലേക്ക് കൂടുതൽ ആപ്ലിക്കേഷനുകൾ മാറ്റുന്നതിനുള്ള നടപടികൾ താത്കാലികമായി നിർത്തിവച്ചു. നിലവിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകളുടെ അപ്ഡേറ്റുകളും സുരക്ഷാ പരിഹാരങ്ങളും തടസപ്പെട്ടതായും ചില ഉദ്യോഗസ്ഥരുടെ അഡ്മിനിസ്ട്രേറ്റർ അധികാരങ്ങൾ പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ട്.
2017-ൽ ആരംഭിച്ച ക്ലൗഡ് വൺ യുഎസ് വ്യോമസേനയുടെ വിവിധ ഐടി സംവിധാനങ്ങളെ ഏകോപിപ്പിക്കുന്ന പ്രധാന പ്ലാറ്റ്ഫോമാണ്. മൈക്രോസോഫ്റ്റ്, ആമസോൺ, ഒറാക്കിൾ, ആൽഫബെറ്റ് എന്നിവയുടെ ക്ലൗഡ് സേവനങ്ങൾ സംയോജിപ്പിച്ചാണ് ഇതിന്റെ പ്രവർത്തനം. സൈനികരുടെ വ്യക്തിഗത വിവരങ്ങൾ, ശമ്പളവിവരങ്ങൾ, വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ, സൈനിക ഉപകരണങ്ങളുടെ നീക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകൾ ഇതിൽ പ്രവർത്തിക്കുന്നുണ്ട്.
വടക്കേ അമേരിക്കയിലെ വ്യോമപ്രതിരോധ റഡാറുകളിൽനിന്നുള്ള വിവരങ്ങൾ ഏകോപിപ്പിക്കുന്ന ക്ലൗഡ് അധിഷ്ഠിത കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനവും 200-ലധികം യുഎസ് വ്യോമസേനാ കേന്ദ്രങ്ങളിലെ ബോംബുകളുടെയും മിസൈലുകളുടെയും വിവരങ്ങൾ സൂക്ഷിക്കുന്ന സംവിധാനവും ക്ലൗഡ് വണ്ണിന്റെ ഭാഗമാണ്.
സോഫ്റ്റ്വെയറിലെ സുരക്ഷാവീഴ്ച മുതലെടുത്ത് ഹാക്കർമാർ ക്ലൗഡ് വണ്ണിന്റെ കൺട്രോൾ പ്ലെയിനിൽ പ്രവേശിച്ചതായാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഒരു സംവിധാനത്തിന്റെ വിവിധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ഏകോപിപ്പിക്കുന്ന ഭാഗമാണ് കൺട്രോൾ പ്ലെയിൻ. ഇതിലൂടെ സൈനിക വിമാനങ്ങളുടെ പ്രവർത്തനനിലയും സ്പെയർ പാർട്സുകളുടെ നീക്കവും പരിശോധിക്കാൻ ഹാക്കർമാർക്ക് സാങ്കേതികമായി സാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത്തരത്തിലുള്ള വിവരങ്ങൾ അവർ കൈക്കലാക്കിയതിന് തെളിവുകളില്ല.
ആക്രമണത്തിന്റെ ആഘാതം വിലയിരുത്താൻ യുഎസ് സൈന്യത്തിന്റെ സൈബർ വിഭാഗമായ സൈബർ കമാൻഡിനെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനോ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
നിർദിഷ്ട ശൃംഖലകളുടെയും സംവിധാനങ്ങളുടെയും സുരക്ഷാ വിവരങ്ങളെയോ ദൗർബല്യങ്ങളെയോ പ്രവർത്തനനിലയെയോ കുറിച്ച് പ്രതികരിക്കാനാകില്ലെന്ന് യുഎസ് വ്യോമസേന അറിയിച്ചു. പ്രതിരോധ വകുപ്പിന്റെ വിവരങ്ങളും സംവിധാനങ്ങളും ദൗത്യശേഷിയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ തുടർച്ചയായി സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
അടുത്തിടെ എഫ്ബിഐ, പെന്റഗൺ, ആഭ്യന്തര സുരക്ഷാ വകുപ്പ് തുടങ്ങിയ യുഎസ് സർക്കാർ സ്ഥാപനങ്ങളിലും സൈബർ സുരക്ഷാ വീഴ്ചകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വ്യോമസേനയുടെ ക്ലൗഡ് സംവിധാനത്തിലുണ്ടായ കടന്നുകയറ്റം യുഎസിന്റെ സൈനിക വിവരസുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

