അഴിമതിക്കേസിൽ ചൈനയിലെ മുൻ പ്രാദേശിക ഭരണാധികാരിക്ക് വധശിക്ഷ; രണ്ടുവർഷത്തെ ഇളവ്

ബെയ്ജിങ്: അഴിമതിക്കേസിൽ ചൈനയിലെ ഗുവാങ്‌സി സ്വയംഭരണ പ്രദേശത്തിന്റെ മുൻ ഭരണാധികാരി ലാൻ തിയാൻലിക്ക് വധശിക്ഷ വിധിച്ചു. എന്നാൽ ശിക്ഷ രണ്ടുവർഷത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. ഈ കാലയളവിൽ പുതിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നില്ലെങ്കിൽ വധശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കും.

2008 മുതൽ 2025 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് വ്യാപാരികൾക്കും കരാറുകാർക്കും വിവിധ ആനുകൂല്യങ്ങൾ നൽകുകയും പകരമായി വൻതോതിൽ കൈക്കൂലി സ്വീകരിക്കുകയും ചെയ്തെന്നാണ് കോടതി കണ്ടെത്തിയത്. ബിസിനസ് ഇടപാടുകൾ, പദ്ധതികളുടെ കരാറുകൾ, ഉദ്യോഗസ്ഥ നിയമനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ സഹായം നൽകിയായിരുന്നു അഴിമതി.

ഇക്കാലയളവിൽ 58.7 കോടി യുവാൻ (ഏകദേശം 88 ദശലക്ഷം യുഎസ് ഡോളർ) കൈക്കൂലിയായി സ്വീകരിച്ചതായാണ് ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തത്.

ചൈനീസ് നിയമപ്രകാരം, രണ്ടുവർഷത്തെ ഇളവുകാലയളവിൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നില്ലെങ്കിൽ വധശിക്ഷ ജീവപര്യന്തം തടവായി മാറ്റും. ശിക്ഷ ജീവപര്യന്തമായി മാറിയാൽ പിന്നീട് പരോൾ ലഭിക്കാനോ ശിക്ഷയിൽ ഇളവ് നേടാനോ ലാനിന് അർഹതയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ചൈനയിലെ അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായി മുതിർന്ന ഉദ്യോഗസ്ഥർക്കെതിരേ സ്വീകരിച്ച കടുത്ത നടപടികളിലൊന്നാണിത്.

Leave a Reply

Your email address will not be published. Required fields are marked *