ന്യൂഡൽഹി: നേപ്പാളിൽ ഉണ്ടായ വിനാശകരമായ മിന്നൽപ്രളയത്തെ തുടർന്ന് ഇന്ത്യ–നേപ്പാൾ അതിർത്തിയോടു ചേർന്ന ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തു. ദേശീയ ദുരന്തനിവാരണ സേനയുടെ (NDRF) അധിക സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്.
നേപ്പാളിൽ നിന്നുള്ള ഗണ്ഡക്, നാരായണി, കോസി തുടങ്ങിയ നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ അതിർത്തി ജില്ലകളിലെ ഭരണകൂടങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ബിഹാറിലെ പശ്ചിമ ചമ്പാരൻ, കിഴക്കൻ ചമ്പാരൻ, ഗോപാൽഗഞ്ച്, മുജഫർപുർ, സീതാമർഹി, മധുബനി, സുപോൾ, ഖഗാരിയ തുടങ്ങിയ ജില്ലകളിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചു.
ഗണ്ഡക് നദീതീരങ്ങളിലെ ചില പ്രദേശങ്ങളിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. ബിഹാറിൽ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചെന്നും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.
നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ ഹിമാനിയുടെ ഭാഗം തകർന്നുവീണതിനെ തുടർന്നാണ് മിന്നൽപ്രളയം ഉണ്ടായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ദുരന്തത്തിൽ നേപ്പാളിലും ടിബറ്റിലുമായി നിരവധി പേർ മരിക്കുകയും നൂറുകണക്കിന് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. പ്രളയജലം താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്ത്യയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയത്.

