ഡോർബെല്ലടിച്ച് കളിച്ച കുട്ടികളെ കാറിടിച്ച് വീഴ്ത്തി; വയോധികനെതിരെ കേസ്

കോഫ്സ് ഹാർബർ: വീടിന്റെ വാതിലിൽ മുട്ടി ഓടിക്കളിച്ച (Knock and run) കുട്ടികളെ കാറുകൊണ്ട് പിന്തുടർന്ന് ഇടിച്ച് വീഴ്ത്തിയ വയോധികനെതിരെ പോലീസ് കേസെടുത്തു. അപകടത്തിൽ പരിക്കേറ്റ 11-ഉം 12-ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടികളുടെ സംഘം വയോധികന്റെ വീടിന്റെ വാതിലിൽ മുട്ടിയ ശേഷം ഇ-ബൈക്കുകളിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഡ്രൈവർ കാറുമായി കുട്ടികളെ പിന്തുടരുകയും തുടർന്ന് ഫുട്പാത്തിലേക്ക് കാർ കയറ്റി ഇ-ബൈക്കിലിടിക്കുകയുമായിരുന്നുവെന്ന് പോലീസ് ആരോപിക്കുന്നു.

ഇടിയുടെ ആഘാതത്തിൽ ഇ-ബൈക്കിൽ നിന്ന് തെറിച്ചുവീണ കുട്ടികളെ കാർ ഏതാണ്ട് 20 മീറ്ററോളം വലിച്ചിഴച്ചതായും പറയപ്പെടുന്നു. എന്നാൽ ഗുരുതര പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടികൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന വിധത്തിൽ വാഹനമോടിച്ചതിനും ആക്രമണോദ്ദേശ്യത്തോടെ വാഹനം ഓടിച്ചതിനും വയോധികനെതിരെ പോലീസ് കുറ്റം ചുമത്തി. നിലവിൽ ജാമ്യം ലഭിച്ച ഇയാൾ സെപ്റ്റംബർ 23-ന് കോടതിയിൽ ഹാജരാകും.

Leave a Reply

Your email address will not be published. Required fields are marked *