സിഡ്നിയിൽ 15 ലക്ഷം ഡോളറിന്റെ മയക്കുമരുന്ന് വേട്ട: സംഘടിത കുറ്റകൃത്യ ശൃംഖലയിലെ രണ്ട് പേർ പിടിയിൽ

സിഡ്നി: പടിഞ്ഞാറൻ സിഡ്നി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘടിത കുറ്റകൃത്യ ശൃംഖലയെ ലക്ഷ്യമിട്ട് നടത്തിയ റെയ്ഡിൽ 15 ലക്ഷം ഡോളർ (ഏകദേശം $1.5 Million) വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ ടാസ്ക്ഫോഴ്സ് ഫാൽക്കൺ ഡിറ്റക്ടീവുകൾ കുറ്റം ചുമത്തി.

ഓൾഡ് ഗിൽഡ്ഫോർഡ്, എഡ്മണ്ട്സൺ പാർക്ക് എന്നിവിടങ്ങളിലാണ് പോലീസ് സംഘം വാറണ്ട് പ്രകാരം ഒരേസമയം പരിശോധന നടത്തിയത്. റെയ്ഡിൽ 1.4 കിലോഗ്രാം കൊക്കെയ്ൻ, 1.1 കിലോഗ്രാം കെറ്റാമൈൻ, 780 ഗ്രാം എം.ഡി.എം.എ , 3.5 കിലോഗ്രാം കഞ്ചാവ്, 30 കിലോഗ്രാമോളം ടി.എച്ച്.സി ഗമ്മികൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ ഒരു കത്തിയും പോലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിപണിയിൽ ഏകദേശം 15 ലക്ഷം ഡോളർ വിലവരുമെന്നാണ് കണക്കാക്കുന്നത്.

വൻതോതിലുള്ള മയക്കുമരുന്ന് വിതരണം, മയക്കുമരുന്ന് കേന്ദ്രം പ്രവർത്തിപ്പിക്കൽ തുടങ്ങി 35-ഓളം കുറ്റങ്ങളാണ് 26-ഉം 40-ഉം വയസ്സുള്ള പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിലൊരാൾക്കെതിരെ രജിസ്റ്റർ ചെയ്യാത്ത പിസ്റ്റൾ വിതരണം ചെയ്തതിനും കേസെടുത്തിട്ടുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ട ഇരു പ്രതികളെയും ഫെയർഫീൽഡ് ലോക്കൽ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *