അഡ്ലെയ്ഡ്: പോർട്ട് അഡ്ലെയ്ഡിലെ പഴയ കെട്ടിടത്തിൽ നടന്ന നവീകരണ ജോലികൾക്കിടെ അടുപ്പിന് പിന്നിൽ ഒളിപ്പിച്ച നിലയിൽ ലൈവ് ബോംബ് കണ്ടെത്തി. തുടർന്ന് സൈന്യത്തിന്റെ സഹായത്തോടെ ബോംബ് സുരക്ഷിതമായി നിർവീര്യമാക്കി.
പഴയ കെട്ടിടം പുനരുദ്ധരിക്കുന്നതിനിടെയാണ് തൊഴിലാളികൾ ഫയർപ്ലേസിന് (അടുപ്പ്) പിന്നിലായി സംശയാസ്പദമായ രീതിയിൽ ഒരു ഉപകരണം കണ്ടത്. പരിശോധനയിൽ ഇത് പൊട്ടിത്തെറിക്കാൻ ശേഷിയുള്ള ലൈവ് മോർട്ടാർ ബോംബാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ബോംബിന്റെ പ്രൈമർ തകരാറുകൾ ഒന്നുമില്ലാതെ പൂർണ്ണ സജ്ജമായ അവസ്ഥയിലായിരുന്നു.
തുടർന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഉപകരണം എക്സ്-റേ പരിശോധനയ്ക്ക് വിധേയമാക്കി. ഇത്തരത്തിലുള്ള ഒരു മോർട്ടാർ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന് ബോംബ് സാങ്കേതിക വിദഗ്ധർ വ്യക്തമാക്കിയതോടെ സൈന്യത്തിന്റെ അടിയന്തര സഹായം തേടുകയായിരുന്നു. സൈന്യമെത്തി ഉപകരണം സുരക്ഷിതമായി ആർ.എ.എ.എഫ് (RAAF) എഡിൻബർഗിലേക്ക് മാറ്റുകയും അവിടെവെച്ച് നിയന്ത്രിത സ്ഫോടനത്തിലൂടെ നിർവീര്യമാക്കുകയും ചെയ്തു.
നവീകരണ ജോലികൾക്കിടെ തൊഴിലാളികളുടെ ഭാഗത്തുനിന്നും ചെറിയൊരു അശ്രദ്ധ ഉണ്ടായിരുന്നുവെങ്കിൽ പോലും വൻ ദുരന്തത്തിന് വഴിവെക്കുമായിരുന്നു. ഇത്രയും അപകടകരമായ ഒരു ലൈവ് മോർട്ടാർ ബോംബ് എങ്ങനെ കെട്ടിടത്തിനുള്ളിൽ എത്തിയെന്നും ആരാണ് ഇത് അടുപ്പിന് പിന്നിൽ ഒളിപ്പിച്ചതെന്നും സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

