ന്യൂയോർക്ക്: ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ ഗ്രാൻഡ് ചെസ് ടൂർ കിരീടം സ്വന്തമാക്കി. സെന്റ് ലൂയിസിൽ നടന്ന ഫൈനലിൽ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഫാബിയാനോ കരുവാനയെ 15–13ന് തോൽപ്പിച്ചാണ് പ്രഗ്നാനന്ദയുടെ കിരീടനേട്ടം. ഇതോടെ ഗ്രാൻഡ് ചെസ് ടൂർ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമായി അദ്ദേഹം.
ഫൈനലിന്റെ അവസാന ദിനം ആറ് പോയിന്റ് പിന്നിലായിരുന്ന പ്രഗ്നാനന്ദ രണ്ട് റാപ്പിഡ് മത്സരങ്ങളിലും വിജയിച്ച് തിരിച്ചുവരവ് നടത്തി. തുടർന്ന് ബ്ലിറ്റ്സ് മത്സരങ്ങളിലും നിർണായക പ്രകടനം പുറത്തെടുത്താണ് കിരീടം ഉറപ്പിച്ചത്. വിജയത്തോടെ 2 ലക്ഷം യുഎസ് ഡോളർ (ഏകദേശം 1.91 കോടി രൂപ) സമ്മാനത്തുകയും സ്വന്തമാക്കി. വെസ്ലി സോ മൂന്നാം സ്ഥാനത്തെത്തി.

