കരുവാറ്റ കൊലപാതകം; തെളിവെടുപ്പിന് മൂന്ന് കൗമാരക്കാരെ കസ്റ്റഡിയിൽ വാങ്ങും

ആലപ്പുഴ: കരുവാറ്റ കൊലപാതകക്കേസിൽ പിടിയിലായ മൂന്ന് കൗമാരക്കാരെ തെളിവെടുപ്പിനായി ശനിയാഴ്ച കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. ചേർത്തല ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ കുട്ടികളെ ഹാജരാക്കിയാണ് അപേക്ഷ നൽകുക. കേസിൽ ഉൾപ്പെട്ട 13 വയസുകാരിയായ പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടില്ല.

കൃത്യം പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ ഭാഗമല്ലെന്നും ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് നടന്നതെന്നുമുള്ള സൂചനകൾ നൽകുന്ന ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായി പൊലീസ് പറയുന്നു. സ്വന്തം മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാൽ പിടിക്കപ്പെടുമെന്ന ഭയത്തിൽ സംഘം പ്രത്യേക സിം കാർഡ് ഉപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സിം പിന്നീട് നശിപ്പിച്ചെങ്കിലും അതിന്റെ ടവർ ലൊക്കേഷനും ഉപകരണ വിവരങ്ങളും സൈബർ സെൽ ശേഖരിച്ചിട്ടുണ്ട്.

നശിപ്പിച്ച സിം ഉപേക്ഷിച്ച സ്ഥലം കണ്ടെത്താനും സോഷ്യൽ മീഡിയ ചാറ്റുകൾ വീണ്ടെടുക്കാനുമാണ് കസ്റ്റഡി പ്രധാനമായും ആവശ്യപ്പെടുന്നത്. കസ്റ്റഡി ലഭിച്ചാൽ കൗമാരക്കാരെ സംഭവസ്ഥലത്തെത്തിച്ച് കൃത്യം പുനഃസൃഷ്ടിച്ച് പരിശോധിക്കും. പ്രായപൂർത്തിയാകാത്തവരായതിനാൽ നിയമപരമായ നിർദേശങ്ങൾ പാലിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *