മുംബൈ: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ‘കിംഗ്’-ലെ ആദ്യ ഗാനമായ ‘തു മിൽ ജായേ’ റിലീസ് ചെയ്തു. ഷാരൂഖ് ഖാന്റെ പിറന്നാൾ ദിനത്തിലാണ് ഗാനം പ്രേക്ഷകർക്കായി പങ്കുവെച്ചത്. ആഗോള പോപ്പ് താരം എഡ് ഷീറനും പ്രമുഖ ഗായകൻ അരിജിത് സിംഗും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. പ്രിയപ്പെട്ട ഓൺ-സ്ക്രീൻ ജോഡികളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും വീണ്ടും ഒന്നിച്ചെത്തുന്ന ദൃശ്യവിരുന്നാണ് ഗാനത്തിന്റെ പ്രധാന ആകർഷണം.
പ്രണയവും നൃത്തവും ആക്ഷനും സമന്വയിപ്പിച്ചാണ് സിദ്ധാർത്ഥ് ആനന്ദ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ‘പത്താൻ’ എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഖാനും സിദ്ധാർത്ഥ് ആനന്ദും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കിംഗ്’. ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന ആദ്യ സൂചനകളാണ് ഈ ഗാനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
റെഡ് ചില്ലീസ് എന്റർടൈൻമെന്റും മാർഫ്ലിക്സ് പിക്ചേഴ്സും സംയുക്തമായി നിർമ്മിക്കുന്ന ‘കിംഗ്’, ഫാർസ് ഫിലിംസാണ് വിദേശ രാജ്യങ്ങളിലെ തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്. ചിത്രം 2026 ഡിസംബർ 24-ന് ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തും. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ഗാനത്തിന്റെ ഔദ്യോഗിക മ്യൂസിക് വീഡിയോ ഇതിനോടകം തന്നെ ലഭ്യമായിട്ടുണ്ട്.

