ഇടുക്കി: ചിന്നക്കനാൽ വില്ലേജിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി വിഹരിക്കുന്ന ‘ചക്കക്കൊമ്പൻ’ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്ച പുലർച്ചെ 12.30 മുതൽ ദൗത്യം പൂർത്തിയാക്കി നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെയോ അല്ലെങ്കിൽ രാത്രി 11.30 വരെയോ ആണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. ദൗത്യം നീണ്ടുപോയാൽ സാഹചര്യം വിലയിരുത്തി തുടർ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.
ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാർഡുകളിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളിലും ദൗത്യം നടക്കുന്ന മേഖലയോട് ചേർന്നുള്ള അപകടസാധ്യതയുള്ള ഇടങ്ങളിലും അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും സംഘം ചേർന്ന് ഒത്തുചേരുന്നതും നിരോധിച്ചിട്ടുണ്ട്. ദൗത്യം നടക്കുന്ന സമയത്ത് പ്രദേശവാസികൾ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതും ദൗത്യമേഖലയിലേക്ക് പോകുന്നതും ഒഴിവാക്കണം. കാട്ടാനയെ കാണുന്നതിനായി ആളുകൾ കൂട്ടംകൂടരുതെന്നും നിർദേശമുണ്ട്.
വനംവകുപ്പ്, പോലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തിനായി ചുമതലപ്പെടുത്തിയവരും ഒഴികെ മറ്റാരും ദൗത്യം നടക്കുന്ന സ്ഥലത്തേക്കോ സുരക്ഷാ ഉദ്യോഗസ്ഥർ നിശ്ചയിച്ചിട്ടുള്ള നിയന്ത്രിത മേഖലയിലേക്കോ പ്രവേശിക്കാൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. മയക്കുവെടി വയ്ക്കുന്നതിനിടെ കാട്ടാന പ്രകോപിതനായി ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ അപകടങ്ങൾ ഒഴിവാക്കാനാണ് ഈ നടപടി. വനംവകുപ്പും പോലീസും നൽകുന്ന സുരക്ഷാ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു.
ദൗത്യം നടക്കുന്ന പ്രദേശത്തേക്കും സമീപമേഖലകളിലേക്കും ഔദ്യോഗിക വാഹനങ്ങൾ ഒഴികെയുള്ളവയുടെ പ്രവേശനം പോലീസ് നിയന്ത്രിക്കും. അതേസമയം, അടിയന്തര ആവശ്യങ്ങൾക്കും പ്രദേശവാസികളുടെ അത്യാവശ്യ യാത്രകൾക്കും സാഹചര്യമനുസരിച്ച് പോലീസ് അനുമതി നൽകും.

