ക്രിസ്തുദാസ് ജോസ്
ആമുഖം
മഴനനഞ്ഞ വഴികളും മായാത്ത സൗഹൃദങ്ങളും: വീണ്ടും മുഴങ്ങുന്ന ‘ഫസ്റ്റ് ബെൽ’
“ചില ബന്ധങ്ങൾ കാലത്തിനൊപ്പം വളരുന്നതല്ല; കാലം എത്ര കഴിഞ്ഞാലും അവിടെത്തന്നെ കാത്തുനിൽക്കുന്നതാണ്.”
നമ്മുടെ ജീവിതത്തിലെ ഏറ്റവും സുന്ദരവും നിഷ്കളങ്കവുമായ കാലഘട്ടം ഏതെന്ന് ചോദിച്ചാൽ, ഒരു നിമിഷംപോലും ആലോചിക്കാതെ നമ്മൾ മലയാളികൾ ഓർക്കുക ആ പഴയ സ്കൂൾ നാളുകളെയാ യിരിക്കും.വർത്തമാനകാലത്തിന്റെ തിരക്കുകളിലും യാന്ത്രികതയിലും പെട്ട് ഓടിക്കൊണ്ടി രിക്കുന്ന നമ്മെ,പെട്ടെന്നൊരു നിമിഷം നമ്മുടെ വേരുകളിലേക്ക് തിരികെ നടക്കാൻ പ്രേരിപ്പിക്കുന്ന മാന്ത്രികശക്തിയാണ് ബാല്യകാല സൗഹൃദങ്ങൾ.
ഇന്നത്തെപ്പോലെ അത്യാധുനിക സൗകര്യങ്ങളോ കുടകളോ ബാഗുകളോ ഇല്ലാതിരുന്ന ഒരു കാലത്ത്, വാഴയിലയും കമുകിൻ പാളകളും പ്ലാസ്റ്റിക് കവറുകളും തലയിൽ ചൂടി ചെളിനിറഞ്ഞ വഴികളിലൂടെ കൂട്ടുകാരോടൊപ്പം സ്കൂളിലേക്ക് നടന്നുപോയ ആ ദിവസങ്ങൾ.അധ്യാപകരുടെ വടിയുടെ ചൂടറിഞ്ഞും, മാമ്പഴവും പുളിയും കട്ടുമിടിച്ചും നടന്ന ആ ബാല്യകാലം ഏതൊരു മനുഷ്യൻ്റെയും ഉള്ളിൽ എക്കാലത്തും കെടാതെ കിടക്കുന്ന ഒരു കൊച്ചു വെളിച്ചമാണ്.
ആ നഷ്ടബാല്യത്തിന്റെ നൊമ്പരങ്ങളെയും മധുരിക്കുന്ന ഓർമ്മകളെയും ഒരുവട്ടംകൂടി നമ്മുടെ ഹൃദയത്തിലേക്ക് തിരികെ വിളിക്കുകയാണ് ക്രിസ്തുദാസ് ജോസ് തന്റെ ‘ഫസ്റ്റ് ബെൽ’ എന്ന ഈ കുറിപ്പിലൂടെ. കാലം എത്ര കഴിഞ്ഞാലും മനസ്സിൽ മായാതെ നിൽക്കുന്ന ആ പഴയ ക്ലാസ് മുറികളിലേക്കും കൂട്ടുകാരുടെയും അധ്യാപകരുടെയും ലോകത്തിലേക്കും ഒരു മടക്കയാത്രയാണ് ഈ വരികൾ വായനക്കാർക്കായി സമ്മാനിക്കുന്നത്.വരൂ, എല്ലാ തിരക്കുകളും മാറ്റിവെച്ച് നമുക്കും ആ പഴയ മരച്ചുവട്ടിലേക്ക് പോകാം; ഒരിക്കൽക്കൂടി ആ കുട്ടിക്കാലത്തിലേക്ക് മടങ്ങാം…
ഫസ്റ്റ് ബെൽ
പ്രിയ സ്നേഹിതരെ,
എത്ര മനോഹരമായിരുന്നു നമ്മുടെ ഓരോരുത്തരുടെയും കുട്ടിക്കാലം!ജീവിതം എന്താണെന്നറിയാതെ, നമുക്കുചുറ്റും എന്താണ് നടക്കുന്നതെന്നുപോലും അറിയാതെ, മതിലുകളുടെയും ബന്ധനങ്ങളുടെയും ഭാരമില്ലാതെ ഒരു ചിത്രശലഭത്തെപ്പോലെ പാറിപ്പറന്നുനടന്നിരുന്ന ആ കാലത്തിലേക്ക് നമുക്കൊന്ന് തിരിഞ്ഞുനോക്കാം. നമുക്ക് എത്രയേറെ സുഹൃത്തുക്കളുണ്ടായാലും ബാല്യകാല സുഹൃത്തുക്കൾ എന്നും ഹൃദയത്തോട് ചേർന്നു തന്നെയിരിക്കും. ഒരു പോറൽപോലും ഏൽക്കാതെ കാത്തുസൂക്ഷിക്കുന്ന ചിപ്പിക്കുള്ളിലെ മുത്തുപോലെയാണ് ബാല്യകാല സൗഹൃദം. നഴ്സറി സ്കൂൾ മുതൽ എസ്.എസ്.എൽ.സി. വരെയുള്ള നമ്മുടെ ആ ചങ്ങാതിമാരെ ഒന്ന് ഓർത്തുനോക്കൂ.
ഇന്ന് കാണുന്ന സ്കൂൾ ബസ്സുകളൊന്നും അന്നില്ലായിരുന്നു. ഒരു ദേശത്തുനിന്ന് മറ്റൊരു ദേശത്തുള്ള സ്കൂളിലേക്ക് നടന്നുതന്നെ പോകണം. നാലും അഞ്ചും പേരടങ്ങിയ ചെറുകൂട്ടങ്ങളായി, വഴിയിലുടനീളം കളിതമാശകളും കഥകളും പറഞ്ഞും ചിരിച്ചും നടന്നിരുന്ന ആ കാലം… പിന്നീട് കോളേജിലേക്കും ജീവിതത്തിന്റെ വിവിധ മേഖലകളിലേക്കും കടന്നപ്പോൾ സൗഹൃദങ്ങളുടെ വലയം വലുതായി. പുതിയ കൂട്ടുകാർ ജീവിതത്തിലേക്ക് വന്നുകൊണ്ടിരുന്നു. എന്നിട്ടും എത്ര വർഷങ്ങൾ കഴിഞ്ഞാലും ബാല്യകാല സുഹൃത്തുക്കളെ മറക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? കാരണം, ചില ബന്ധങ്ങൾ കാലത്തിനൊപ്പം വളരുന്നതല്ല; കാലം എത്ര കഴിഞ്ഞാലും അവിടെത്തന്നെ കാത്തുനിൽക്കുന്നതാണ്.കാലത്തിന്റെ ഒഴുക്കിൽ ഏതെങ്കിലും രീതിയിൽ അകന്നുപോയാലും, വർഷങ്ങൾക്കുശേഷം വീണ്ടും ചേർത്തുപിടിക്കാൻ കഴിയുന്ന ബന്ധമാണ് ബാല്യകാല സൗഹൃദം. അല്ലേ കൂട്ടുകാരെ?
ജീവിതത്തിൽ നിന്ന് എന്തെങ്കിലുമൊക്കെ സമ്പാദിച്ചിട്ടുണ്ടെങ്കിൽ, അതിൽ കുറച്ച് നല്ല സുഹൃത്തുക്കളും ഒരുപിടി നല്ല ഓർമ്മകളും ഉണ്ടാകും.കരയിച്ച പ്രണയത്തേക്കാൾ, കണ്ണീർ തുടച്ച സൗഹൃദങ്ങളായിരിക്കും പലപ്പോഴും മനസ്സിൽ എന്നും തങ്ങിനിൽക്കുന്നത്.ആ ഓർമ്മകളിലൂടെ ഒന്ന് സഞ്ചരിച്ചുതുടങ്ങുമ്പോഴേക്കും, ജീവിതം നമ്മോട് പടിയിറങ്ങാൻ സമയമായെന്ന് പറയുന്നുണ്ടാകും. അപ്പോഴാണ് കാലങ്ങൾക്കുശേഷം ഒരിക്കൽക്കൂടി നമുക്കൊരുമിച്ച് ആ പഴയ കലാലയമുറ്റത്തേക്ക് തിരിച്ചുവരണമെന്ന് തോന്നുന്നത്. അല്ലേ ചങ്ങാതിമാരെ?
മഴയിലൂടെ നടന്നിരുന്ന ആ സ്കൂൾ യാത്രകൾ
അന്നത്തെ നമ്മുടെ സ്കൂൾ യാത്രകൾക്കും പറയാൻ ഒരുപാട് കഥകളുണ്ടായിരുന്നു. സ്കൂളിലേക്ക് പോകുന്ന സമയത്ത് കാർമേഘങ്ങൾ കോപിച്ച് നാലുപാടും ഇരുണ്ടുകൂടും. മഴ എപ്പോൾ പെയ്യുമെന്നറിയില്ല. ഇന്നത്തെപ്പോലെ എല്ലാവരുടെയും കൈയിൽ കുടയും മനോഹരമായ സ്കൂൾ ബാഗുകളും മഴക്കോട്ടുകളും ഉണ്ടായിരുന്ന കാലമായിരുന്നില്ല അത്.സൗകര്യങ്ങളുള്ള കുടുംബങ്ങളിലെ കുട്ടികൾ കുടയും ബാഗുമായി സ്കൂളിലേക്ക് പോകുമ്പോൾ, ഗ്രാമങ്ങളിലെ സാധാരണ കുടുംബങ്ങളിൽ നിന്നുള്ള പല കുട്ടികളും മഴയെ നേരിട്ടുതന്നെയായിരുന്നു സ്കൂൾ യാത്ര.പുസ്തകങ്ങളും നോട്ട്ബുക്കുകളും കുത്തിനിറച്ച സഞ്ചിയുമായി, ചിലപ്പോൾ ചെരിപ്പുപോലുമില്ലാതെ, ചെളിയും വെള്ളവും നിറഞ്ഞ വഴികളിലൂടെ ഞങ്ങൾ നടന്നുപോകും.
പെട്ടെന്ന് കാർമേഘം പൊട്ടിത്തുറന്ന് മഴ പെയ്യും.അപ്പോൾ മഴയിൽനിന്ന് രക്ഷപ്പെടാൻ ഞങ്ങൾക്ക് വലിയ കുടകളൊന്നും വേണ്ടിയിരുന്നില്ല. പ്രകൃതിയിൽനിന്ന് കിട്ടിയതുതന്നെ ഞങ്ങളുടെ കുടയായി മാറും.വാഴയില കിട്ടിയാൽ വാഴയില തലയിൽ ചൂടും. കമുകിൻ പാള കിട്ടിയാൽ അതും തലയിൽ പിടിക്കും. അതൊന്നും കിട്ടാത്തപ്പോൾ ഒരു പ്ലാസ്റ്റിക് കവർ തന്നെ വലിയ ആശ്വാസമായിരുന്നു.ഒരു കൈയിൽ പുസ്തകങ്ങളും നോട്ട്ബുക്കുകളും, മറ്റേ കൈയിൽ തലയിൽ ചൂടിയ വാഴയിലയോ കമുകിൻ പാളയോ പിടിച്ച്, അല്ലെങ്കിൽ പ്ലാസ്റ്റിക് കവറുമായി, ഞങ്ങൾ ചെറുകൂട്ടങ്ങളായി മഴയിലൂടെ സ്കൂളിലേക്ക് നടക്കും.മഴവെള്ളം ഇലയുടെ അരികിലൂടെ ഊർന്നിറങ്ങും. വസ്ത്രങ്ങൾ നനയും. വഴികൾ ചെളിയാകും. എന്നിട്ടും ഞങ്ങളുടെ ചിരിക്ക് മാത്രം ഒരു കുറവുമുണ്ടാകില്ല.യാത്രയ്ക്കിടയിൽ ചെറിയ ചെറിയ കളിതമാശകൾ പറയും. തമ്മിൽ കളിയാക്കും. ചിലപ്പോൾ ചെറിയ അടിപിടിയുമുണ്ടാകും. ഒരാൾ മറ്റൊരാളുടെ മേൽ മഴവെള്ളം തെറിപ്പിക്കും. പിന്നെ എല്ലാവരും ചേർന്ന് ചിരിക്കും.
മഴ ഞങ്ങളെ നനച്ചുകൊണ്ടേയിരുന്നു; പക്ഷേ ആ മഴയ്ക്കിടയിലും ഞങ്ങളുടെ ബാല്യം അതിന്റെ സ്വന്തം സന്തോഷത്തിൽ പൂത്തുനിന്നു.നനഞ്ഞൊലിച്ച് ക്ലാസ്സിൽ ചെല്ലുമ്പോൾ ജോർജ് സാർ ഒന്ന് നോക്കും. ആ നോട്ടത്തിൽ ശകാരത്തേക്കാൾ വാത്സല്യമായിരുന്നു.ഇന്ന് വലിയ കുടകളും മനോഹരമായ ബാഗുകളും മഴക്കോട്ടുകളും ധരിച്ച് കുട്ടികൾ സ്കൂളിലേക്ക് പോകുന്നത് കാണുമ്പോൾ, വാഴയിലയും കമുകിൻ പാളയും പ്ലാസ്റ്റിക് കവറും കൊണ്ട് മഴയെ നേരിട്ട് സ്കൂളിലേക്ക് നടന്നുപോയിരുന്ന നമ്മുടെ ആ ബാല്യം ഓർമ്മ വരുന്നു.
അന്ന് ഞങ്ങൾക്ക് വലിയ സൗകര്യങ്ങളൊന്നുമില്ലായിരുന്നു. കിട്ടിയതെന്തും ഞങ്ങൾക്ക് മതിയായിരുന്നു.പക്ഷേ, ആ ചെറിയ സൗകര്യങ്ങളില്ലായ്മയ്ക്കിടയിലും ഞങ്ങൾക്ക് ഉണ്ടായിരുന്നത് ഒരുപാട് കൂട്ടുകാരും, ഒരുപാട് ചിരികളും, മറക്കാനാവാത്ത ഒരുപാട് ഓർമ്മകളുമായിരുന്നു.സൗഹൃദം പങ്കുവെച്ചിരുന്ന ക്ലാസ് മുറികളിലേക്ക് ദൂരെനിന്നെങ്കിലും ഒന്ന് നോക്കിനിൽക്കണം. പഴയ മരച്ചുവട്ടിലിരുന്ന് മറന്നുപോയ ഓർമ്മകളെ വീണ്ടും നെയ്തെടുക്കണം.
കുസൃതികളും ശിക്ഷകളും
ചാനൽക്കരയിൽ ഓടിച്ചാടി കളിച്ച് ക്ഷീണിച്ച് വരുമ്പോൾ, തൊട്ടടുത്തുള്ള കോയ സായിപ്പിന്റെ വിളയിൽ കയറി മാവിൻകൊമ്പിൽനിന്ന് കിളിച്ചുണ്ടൻ മാമ്പഴവും നല്ല പുളിയുള്ള വാളൻപുളിയും പറിച്ച് അണ്ണാക്കിലിട്ട് രുചിച്ചിരുന്ന ആ കാലം…സ്കൂൾ പരിസരത്തെ തെങ്ങിൽ അണ്ണാൻ കയറുന്നപോലെ ചറപറാ കയറി ഇളനീർ (കരിക്ക്) പറിച്ച് കുടിക്കുന്നവരും നമുക്കിടയിലുണ്ടായിരുന്നു.പിന്നെ സ്കൂളിനടുത്തുള്ള കടയിൽനിന്ന് ആവിപാറുന്ന ചൂടുചായയും അപ്പം, ദോശ, പുട്ട്, പയർ, പപ്പടം എന്നിവയും ആസ്വദിച്ച് കഴിച്ച്, കാശുകൊടുക്കാതെ പാവം കടക്കാരനെ പറ്റിച്ച് മുങ്ങിയിരുന്ന വീരപ്പന്മാരും നമ്മുടെ കൂട്ടത്തിലുണ്ടായിരുന്നില്ലേ?പക്ഷേ ഇതൊന്നും അധികനേരം രഹസ്യമായിരുന്നില്ല. ക്ലാസിലെ അച്ചടക്കക്കാരായ ചില കൂട്ടുകാർ നേരെ ക്ലാസ് ടീച്ചറുടെ അടുത്തേക്ക് ഓടും. ചിലപ്പോൾ ഹെഡ്മാസ്റ്റർ ജൂലിയൻ സാറിന്റെ അടുത്തും ചെന്ന് എല്ലാം പറഞ്ഞുകൊടുക്കും.പിന്നെ ഒരു വരവുണ്ട്. ജൂലിയൻ സാർ ക്ലാസ്സിലെത്തി കുറ്റവാളികളെ പേരെടുത്ത് വിളിച്ച് മാറ്റിനിർത്തും. അടിയും കിട്ടും. എന്നാലും ആ അടിയുടെ ചൂട് മാറുംമുമ്പേ ഞങ്ങൾ വീണ്ടും ചിരിക്കും.
ദാസ് സാർ, തങ്കം ടീച്ചർ, ഗ്ലാഡീസ് ടീച്ചർ, ജോൺപോൾ സാർ… ഈ പേരുകൾ കേട്ടാൽ അന്ന് ഉള്ളൊന്ന് കാളുമായിരുന്നു. ഡേവിഡ് സാറിൻ്റെ ക്ലാസ്സിൽ കുസൃതി കാണിച്ചാൽ കൈയിൽ നുള്ള് ഉറപ്പ്. കണക്കിൻ്റെ ലോറൻസ് സാർ ഗൗരവമുള്ള സാറായിരുന്നു. എങ്കിലും ഇടയ്ക്ക് ഒരു നുള്ളും, അതിനിടയിൽ ഒരു തമാശയും; ഗൗരവം മാറി ക്ലാസ്സ് മുഴുവൻ ചിരിക്കും. ഇന്ന് ഓർക്കുമ്പോൾ ആ പേടിയും ഒരു ചിരിയായി മാറുന്നു.ഇതൊക്കെയല്ലേ നമ്മുടെ ബാല്യം!നാം നടന്ന വഴികൾ… ഓടിച്ചാടി കളിച്ച ഇടങ്ങൾ…നമ്മുടെ ചിരികൾ നിറഞ്ഞിരുന്ന മുറ്റങ്ങൾ…ഇതെല്ലാം ഇന്നും ഓർമ്മ വരുന്നില്ലേ, ചങ്ങാതിമാരെ?അന്ന് നമുക്ക് തണലേകിയിരുന്ന ആ മരങ്ങൾ ഇന്നും നമുക്കായി കാത്തിരിക്കുന്നുണ്ടാവില്ലേ?അവിടെ അല്ലാതെ, വേറെ എവിടെയാണ് നമുക്ക് നമ്മളെത്തന്നെ തിരയാൻ കഴിയുക?
നല്ല സൗഹൃദങ്ങളില്ലാത്ത ജീവിതം തീർത്തും അർത്ഥശൂന്യവും വിരസവുമായിരിക്കും
വാക്കുകൾക്കതീതമായ ബന്ധങ്ങളിലൊന്നാണ് സൗഹൃദം. നമ്മളെ നമ്മളാക്കി മാറ്റുന്ന, ജീവിതത്തിലെ നല്ല സമയത്തും മോശം സമയത്തും ഒപ്പം നിൽക്കുന്ന ബന്ധം. പലപ്പോഴും ഉള്ളുതുറന്ന് സംസാരിക്കാൻ കഴിയുന്നതും സുഹൃത്തുക്കളോട് മാത്രമായിരിക്കും. ജീവിതത്തെ താങ്ങിനിർത്തുന്ന തൂണുകളിലൊന്നാണ് നല്ല സൗഹൃദബന്ധങ്ങൾ എന്ന് പറഞ്ഞാലും തെറ്റില്ല.ആ പഴയ ഓർമ്മകളെ ഒരിക്കൽക്കൂടി തൊട്ടുണർത്താൻ ഇന്ന് നമ്മുടെ കുറെ നല്ല സുഹൃത്തുക്കൾ പഴയ ക്ലാസ് മുറിയിലേക്ക് പോകുന്നതുപോലെ, കൈയിൽ പാഠപുസ്തകങ്ങളുമായി വീടുകളിൽനിന്ന് ചെറുകൂട്ടങ്ങളായി പുറപ്പെടുകയാണ്.എനിക്ക് അതിൽ നേരിട്ട് കൂടാൻ കഴിയുന്നില്ലല്ലോ എന്നൊരു ചെറിയ ദുഃഖമുണ്ട്. എങ്കിലും, എന്റെ പ്രിയപ്പെട്ട എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.ഒരു ചെറിയ മൊബൈൽ ഫോണിൽ കുത്തിക്കുറിച്ച കുറച്ച് വരികളാണിത്. എവിടെയെങ്കിലും എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ, എന്റെ പ്രിയ കൂട്ടുകാർ ക്ഷമിച്ചും പൊറുത്തും, നല്ല അനുസരണയുള്ള കുട്ടികളെപ്പോലെ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേരണം.
കാരണം…ഫസ്റ്റ് ബെൽ മുഴങ്ങി.പഴയ ക്ലാസ് മുറി നമ്മെ കാത്തിരിക്കുന്നു.സെക്കൻഡ് ബെൽ മുഴങ്ങി.ഓർമ്മകൾ വീണ്ടും ഉണരുന്നു.തേഡ് ബെൽ മുഴങ്ങുന്നു…വരൂ, പാഠപുസ്തകം തുറക്കാം.നമുക്ക് ഒരിക്കൽക്കൂടി കുട്ടികളാകാം, ചങ്ങാതിമാരെ…

