മുറ്റം നഷ്ടപ്പെട്ട തീരം

കടൽക്കാറ്റിൽ പറന്ന പട്ടങ്ങളും മാഞ്ഞുപോയ ബാല്യകാല കൂട്ടായ്മകളും

ക്രിസ്തുദാസൻ ജോസ്, ഓക്സ്ഫോർഡ്

ഒരുകാലത്ത് തീരദേശത്തെ കുട്ടികളുടെ ലോകം കളിയും ചിരിയും കുസൃതികളും കൊണ്ട് നിറഞ്ഞതായിരുന്നു. വീട്ടുമുറ്റങ്ങളും അയൽപക്കത്തെ തുറസ്സായ പറമ്പുകളുമായിരുന്നു അവരുടെ കളിസ്ഥലങ്ങൾ. ആൺകുട്ടികളും പെൺകുട്ടികളും ഭേദമില്ലാതെ ഒരുമിച്ചുകൂടി വട്ടുകളിയും കണ്ണുപൊത്തിക്കളിയും കള്ളനും പോലീസും കളിച്ചു. ശക്തമായ കടൽക്കാറ്റോ പെയ്യുന്ന മഴയോ അവരുടെ ഉന്മേഷത്തെ കെടുത്തിയിരുന്നില്ല. മഴ പെയ്യുമ്പോൾ വീണുകിട്ടുന്ന തെങ്ങിൻ ഓലകൾ കൊണ്ട് പന്തുണ്ടാക്കി കളിക്കുന്നതും ഗോലിക്കളിയും കുട്ടിയും കോലും കളിക്കുന്നതുമെല്ലാം അന്നത്തെ ബാല്യത്തിന്റെ സ്വാഭാവിക ഭാഗങ്ങളായിരുന്നു.

കൂട്ടുകാരേ, ഒന്ന് ഓർത്തുനോക്കൂ! അയൽപക്കത്തെ പറമ്പിൽ ആരും കാണാതെ കയറി കിളിച്ചുണ്ടൻ മാങ്ങയും പുളിയുള്ള വാളൻപുളിയും പറിച്ചുതിന്നുന്ന ആ ആവേശം എത്ര മനോഹരമായിരുന്നു! തെങ്ങുകളിൽ വലിഞ്ഞുകയറി ഓല വെട്ടിയെടുക്കുന്നതും കൈയിൽ കെട്ടാൻ ഓലവാച്ചും മുഖം നോക്കാൻ കുഞ്ഞു കണ്ണാടിയും സ്വയം ഉണ്ടാക്കുന്നതുമെല്ലാം ബാല്യത്തിലെ ചെറിയ കൈവേലകളും കൗതുകങ്ങളുമായിരുന്നു.

കുസൃതികൾക്കും കുറവുണ്ടായിരുന്നില്ല. മുതിർന്നവർ വലിച്ചെറിഞ്ഞ ബീഡിക്കഷണങ്ങളും ചാർമിനാർ പോലുള്ള സിഗരറ്റുകളുടെ പകുതിക്കഷണങ്ങളും ആരും കാണാതെ പെറുക്കിയെടുത്ത് ഒളിച്ചുവലിക്കാൻ ശ്രമിച്ചിരുന്ന ചില വിരുതന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. മറ്റു ചിലർ കടലാസ് ചുരുട്ടി ബീഡിയുടെ രൂപത്തിലാക്കി വലിക്കാൻ ശ്രമിക്കുമായിരുന്നു. കൂട്ടുകാരുടെ മുന്നിൽ വലിയ ആളുകളായെന്ന ഭാവത്തിൽ ഇത്തരം കുസൃതികൾ കാണിച്ചിരുന്നെങ്കിലും മുതിർന്നവരുടെ കണ്ണിൽപ്പെട്ടാൽ കിട്ടുന്ന ശാസനയും വഴക്കും വേറെയായിരുന്നു. ഇത്തരം അനുഭവങ്ങളും അന്നത്തെ തീരദേശ ബാല്യത്തിന്റെ ഭാഗമായിരുന്നു.

വൈകുന്നേരങ്ങളിൽ ചെറിയ റബ്ബർ പന്തുമായി ഫുട്ബോൾ കളിക്കുന്നതും കടൽക്കാറ്റിൽ വർണ്ണപ്പട്ടങ്ങൾ പറത്തുന്നതും പതിവുകാഴ്ചയായിരുന്നു. കളികൾക്കൊപ്പം വായനയ്ക്കും അന്ന് വലിയ സ്ഥാനമുണ്ടായിരുന്നു. ‘മായാവി’, ‘ബോബനും മോളിയും’, ‘അമർചിത്രകഥകൾ’ തുടങ്ങിയ ചിത്രകഥകളും ‘മംഗളം’, ‘മനോരമ’ പോലുള്ള വാരികകളും കുട്ടികളുടെ പ്രിയപ്പെട്ട വായനാലോകമായിരുന്നു. സിനിമാവിശേഷങ്ങളും താരങ്ങളുടെ ചിത്രങ്ങളുമായി എത്തിയിരുന്ന ‘നാന’, ‘കുങ്കുമം’, ‘വെള്ളിനക്ഷത്രം’ തുടങ്ങിയ സിനിമാ മാസികകൾക്കായും വീടുകളിൽ വലിയ കാത്തിരിപ്പുണ്ടായിരുന്നു.

അക്കാലത്തെ കൗമാരക്കാരുടെ ലോകത്ത് പുസ്തകങ്ങൾക്കുള്ളിൽ ഒളിഞ്ഞിരുന്ന മറ്റൊരു അനുഭവം കൂടിയുണ്ടായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും കഥാപുസ്തകങ്ങൾ പരസ്പരം കൈമാറി വായിക്കുന്നതിനിടയിൽ ചെറിയ തമാശകളും നിഷ്കളങ്കമായ പ്രണയസന്ദേശങ്ങളും നിറച്ച കത്തുകൾ അതിനുള്ളിൽ ഒളിപ്പിച്ചുവെക്കുമായിരുന്നു. പുസ്തകങ്ങൾ തിരിച്ചുനൽകുമ്പോൾ ആ കത്തുകൾ കണ്ടെത്തുന്നതും വായിക്കുന്നതും മറുപടി പ്രതീക്ഷിച്ച് കാത്തിരിക്കുന്നതുമെല്ലാം അന്നത്തെ കൗമാരത്തിന്റെ രഹസ്യസന്തോഷങ്ങളായിരുന്നു. അബദ്ധത്തിൽ ഇത്തരം കത്തുകൾ മാതാപിതാക്കളുടെ കൈയിൽപ്പെട്ടാൽ പിന്നെ ചെറിയ ചോദ്യംചെയ്യലും നാണംകൊണ്ടുള്ള തലകുനിക്കലും ഉറപ്പായിരുന്നു.

കുട്ടികളുടെ ലോകം മാത്രമായിരുന്നില്ല അന്നത്തെ തീരദേശത്തിന്റെ മുറ്റങ്ങൾ. മുതിർന്നവർക്കും അവരുടേതായ കൂട്ടായ്മകളുണ്ടായിരുന്നു. വീട്ടുജോലികളെല്ലാം തീർത്ത് അമ്മമാർ മുറ്റത്തിരുന്ന് ഒന്നിച്ച് മുത്തുകളിക്കുന്ന കാഴ്ച പതിവായിരുന്നു. അതിനരികിൽ നാലഞ്ചുപേർ ചേർന്ന് ആവേശത്തോടെ ചീട്ടുകളിക്കുന്ന മത്സ്യത്തൊഴിലാളികളെയും കാണാമായിരുന്നു. കളിയിൽ തോൽക്കുന്നവർ തലയിലും കാതിലും തൊപ്പികൾ വെക്കണമെന്നതായിരുന്നു എല്ലാവരെയും ചിരിപ്പിച്ചിരുന്ന രസകരമായ ശിക്ഷ. അവധിദിവസങ്ങളിൽ കുട്ടികളുടെ ബഹളം അതിരുകടക്കുമ്പോൾ മുതിർന്ന അപ്പച്ചന്മാരും അമ്മച്ചിമാരും വടിയുമായി ഓടിയെത്തും. എന്നാൽ അവരെ കളിയാക്കിച്ചിരിച്ച് ഓടിമാറുന്ന കുട്ടികൾ പിറ്റേന്നും അതേ മുറ്റത്ത് തിരിച്ചെത്തുമായിരുന്നു. സ്നേഹവും പരിഭവവും കുസൃതിയും നിറഞ്ഞ ആ ബന്ധങ്ങളായിരുന്നു അന്നത്തെ അയൽപക്ക ജീവിതത്തിന്റെ സൗന്ദര്യം.

അന്ന് കളിസ്ഥലമില്ലായിരുന്നു, പക്ഷേ കളി മുടങ്ങിയിരുന്നില്ല

പഴയകാലത്തെ ആ കാഴ്ചകളിൽനിന്ന് തീരദേശ ജീവിതം ഏറെ മാറിയിരിക്കുന്നു. കുട്ടികളുടെ ആരവം നിറഞ്ഞുനിന്നിരുന്ന പല മുറ്റങ്ങളും ഇന്ന് കോൺക്രീറ്റ് കെട്ടിടങ്ങളായി മാറി. വീടുകൾക്കിടയിലെ തുറസ്സായ സ്ഥലങ്ങൾ കുറഞ്ഞു. മഴവെള്ളം സ്വാഭാവികമായി ഒഴുകിപ്പോകാൻ പോലും മതിയായ ഇടമില്ലാത്തവിധം പല തീരപ്രദേശങ്ങളും കെട്ടിടങ്ങളാൽ നിറഞ്ഞിരിക്കുന്നു. കുട്ടികൾ കൂട്ടംചേർന്ന് കളിച്ചിരുന്ന ഇടങ്ങൾ പലതും ഓർമ്മകളിൽ മാത്രമായി അവശേഷിക്കുന്നു.

ലക്ഷങ്ങൾ മുടക്കി കളിസ്ഥലങ്ങൾ നിർമിച്ചിട്ടും മുക്കിലും മൂലയിലും ക്ലബ്ബുകൾ ഉയർന്നുവന്നിട്ടും പല ഇടങ്ങളിലും കളിക്കാൻ കുട്ടികളില്ലെന്നതാണ് സങ്കടകരമായ യാഥാർഥ്യം. പണ്ട് കുട്ടികളുടെ കളിയാരവം മുഴങ്ങിയിരുന്ന ചില മൈതാനങ്ങൾ ഇന്ന് കാടുപിടിച്ച് കിടക്കുന്നു. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും താവളങ്ങളായി അവ മാറിയിരിക്കുന്നു. കളിസ്ഥലങ്ങൾ ഒരുക്കിയിട്ടും അവ കുട്ടികളുടെ സജീവ സാന്നിധ്യംകൊണ്ട് നിറയാത്തത് നമ്മുടെ കാലത്തിന്റെ ഒരു വൈരുധ്യമാണ്.

വിനോദങ്ങളുടെയും വായനയുടെയും ലോകത്തും വലിയ മാറ്റങ്ങളുണ്ടായി. പഴയ തലമുറയിലെ കുട്ടികൾ പുസ്തകങ്ങളും മാസികകളും പരസ്പരം കൈമാറി വായിച്ചിരുന്നെങ്കിൽ ഇന്ന് മൊബൈൽ ഫോണുകളും ടെലിവിഷനും ഡിജിറ്റൽ സ്ക്രീനുകളുമാണ് കുട്ടികളുടെയും മുതിർന്നവരുടെയും ഒഴിവുസമയങ്ങളിൽ വലിയ പങ്ക് കൈയടക്കിയിരിക്കുന്നത്. പുസ്തകവായനയും അയൽപക്കത്തെ സൗഹൃദസംഭാഷണങ്ങളും കുറഞ്ഞുവരുന്നു. ഒരേ വീട്ടിൽ കഴിയുന്നവർപോലും പലപ്പോഴും സ്വന്തം സ്ക്രീനുകളിൽ ഒതുങ്ങിക്കഴിയുന്ന അവസ്ഥയുണ്ട്.

യുവതലമുറയുടെ കാര്യത്തിലും ചില ആശങ്കകൾ ഉയരുന്നുണ്ട്. യുവത്വത്തിന്റെ ഊർജവും കഴിവുകളും ക്രിയാത്മകമായ പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിടേണ്ട സമയത്ത് ചിലരെ ചീറിപ്പായുന്ന ബൈക്കുകളും ലഹരിയുടെ സ്വാധീനവും വഴിതെറ്റിക്കുന്നു. ഇത് യുവാക്കളെ മാത്രം കുറ്റപ്പെടുത്തി അവസാനിപ്പിക്കേണ്ട വിഷയമല്ല; കുടുംബവും സമൂഹവും ഒരുപോലെ ഗൗരവത്തോടെ കാണേണ്ട സാമൂഹിക പ്രശ്നമാണ്.

മാറിയ ഈ സാഹചര്യങ്ങൾക്ക് പിന്നിൽ പല കാരണങ്ങളുമുണ്ട്. പഠനഭാരം, സുരക്ഷയെക്കുറിച്ചുള്ള മാതാപിതാക്കളുടെ ആശങ്കകൾ എന്നിവയും കുട്ടികളുടെ ലോകം ചുരുക്കിയിട്ടുണ്ട്. ഡിജിറ്റൽ ലോകം അവർക്ക് പുതിയ സൗഹൃദങ്ങളും വിനോദങ്ങളും നൽകുന്നുണ്ടെന്നതും കാണാതിരിക്കരുത്. എന്നാൽ നേരിട്ട് ഒത്തുചേർന്ന് കളിക്കുന്നതും സംസാരിക്കുന്നതും പങ്കുവെക്കുന്നതും നൽകുന്ന അനുഭവങ്ങൾക്ക് പകരമാകാൻ സ്ക്രീനുകൾക്ക് കഴിയില്ല. കുട്ടികൾക്ക് ആവശ്യമായ ഇടങ്ങളും അവസരങ്ങളും ഒരുക്കിക്കൊടുക്കേണ്ട ഉത്തരവാദിത്വം മുതിർന്നവർക്കും സമൂഹത്തിനുമുണ്ട്.

നഷ്ടപ്പെട്ട കൂട്ടായ്മകൾ തിരിച്ചുപിടിക്കാം

ഇതിനായി വലിയ പദ്ധതികളോ ചെലവേറിയ സംവിധാനങ്ങളോ എല്ലായ്പ്പോഴും ആവശ്യമില്ല. ഇടവകകൾക്കും ക്ലബ്ബുകൾക്കും പഞ്ചായത്തുകൾക്കും മുൻകൈയെടുത്ത് മാസത്തിലൊരിക്കൽ ‘നാടൻ കളിദിനം’ സംഘടിപ്പിക്കാം. വട്ടുകളി, കുട്ടിയും കോലും, ഗോലിക്കളി, പട്ടം പറത്തൽ തുടങ്ങിയ പഴയകാല കളികൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താം. പഴയ വായനശാലകൾ സജീവമാക്കി കുട്ടികളെ വായനയിലേക്ക് ആകർഷിക്കാം. മുത്തശ്ശീമുത്തശ്ശന്മാർ തങ്ങളുടെ ബാല്യകാല അനുഭവങ്ങളും കളികളും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന കൂട്ടായ്മകൾ സംഘടിപ്പിക്കാം. കുടുംബങ്ങളിലും ആഴ്ചയിലൊരിക്കൽ കുറച്ചുസമയം മൊബൈൽ ഫോണുകളും ടെലിവിഷനും മാറ്റിവെച്ച് പരസ്പരം സംസാരിക്കാനും ഒരുമിച്ച് സമയം ചെലവഴിക്കാനും ശ്രമിക്കാം.

കടൽക്കാറ്റിൽ ഉയർന്നുപറന്നിരുന്ന വർണ്ണപ്പട്ടങ്ങളും മുറ്റങ്ങളിൽ മുഴങ്ങിയിരുന്ന കുട്ടികളുടെ ചിരിയും വെറും കളികളുടെ ഓർമ്മകളായിരുന്നില്ല. പരസ്പര സ്നേഹവും സഹകരണവും പങ്കുവെക്കലും ക്ഷമയും പഠിപ്പിച്ച ജീവിതത്തിന്റെ വലിയൊരു പാഠശാലയായിരുന്നു അവ. നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത് കളിസ്ഥലങ്ങൾക്കപ്പുറം അത്തരം കൂട്ടായ്മകളിലൂടെ വളർന്നുവന്ന സാമൂഹിക ബന്ധങ്ങൾ കൂടിയാണ്.

തീരത്തിന്റെ പഴയ മുറ്റങ്ങൾ അതേപടി തിരിച്ചുകൊണ്ടുവരാൻ നമുക്കായെന്നുവരില്ല. എന്നാൽ കുട്ടികൾക്ക് ഒത്തുചേരാനും കളിക്കാനും വായിക്കാനും സൗഹൃദങ്ങൾ വളർത്താനും കഴിയുന്ന ഇടങ്ങൾ സൃഷ്ടിക്കാൻ നമുക്ക് കഴിയും. അതിന് മുതിർന്നവരും കുടുംബങ്ങളും സാമൂഹിക സംഘടനകളും ഒരുമിച്ച് മനസ്സുവെക്കണം. കാരണം, കുട്ടികൾക്ക് കളിക്കാൻ ഒരിടം ഒരുക്കിക്കൊടുക്കുന്നത് അവരുടെ വളർച്ചയ്ക്കും നാളെയുടെ സമൂഹത്തിനും നൽകുന്ന വിലപ്പെട്ട സമ്മാനമാണ്.

…………………………………………………………………………………….

Leave a Reply

Your email address will not be published. Required fields are marked *