ഗൾഫ് യുദ്ധം: മധ്യസ്ഥശ്രമവുമായി ഖത്തർ പ്രധാനമന്ത്രി ഇറാനിൽ

ദുബായ്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം തേടി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി ഇറാൻ സന്ദർശിച്ചു. ടെഹ്റാനിലെത്തിയ അദ്ദേഹം ഇറാൻ അധികൃതരുമായി ചർച്ച നടത്തി.

പ്രധാനമായും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിക്കുന്നതും സംഘർഷം കുറയ്ക്കുന്നതുമാണ് ചർച്ചകളിലെ പ്രധാന വിഷയങ്ങൾ. അന്താരാഷ്ട്ര നിയമപ്രകാരമുള്ള കപ്പൽ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഖത്തർ പ്രധാനമന്ത്രി ഇറാൻ നേതൃത്വത്തെ അറിയിച്ചു.

ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിൽ ജൂണിൽ വെടിനിർത്തലിന് ധാരണയായിരുന്നെങ്കിലും അമേരിക്ക-ഇറാൻ നയതന്ത്ര ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിത കപ്പൽഗതാഗതത്തിനായി ഇറാനും ഒമാനും പ്രത്യേക കപ്പൽപാത സംബന്ധിച്ച് ധാരണയിലെത്താനുള്ള നീക്കവും തുടരുകയാണ്.

അമേരിക്കയുമായി നിലവിൽ ചർച്ചയ്ക്ക് തയ്യാറല്ലെന്നും ഇറാനുമേൽ സാമ്പത്തിക സമ്മർദം ശക്തമാക്കുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഖത്തറിന്റെ പുതിയ മധ്യസ്ഥശ്രമം.

Leave a Reply

Your email address will not be published. Required fields are marked *