അൾജിയേഴ്സ്: വടക്കുകിഴക്കൻ അൾജീരിയയിൽ വ്യാപകമായി പടർന്ന കാട്ടുതീയിൽ 12 പേർ മരിച്ചു. 54 പേർക്ക് പൊള്ളലേറ്റും പുക ശ്വസിച്ചും പരിക്കേറ്റു. ഇവരിൽ ആറുപേരുടെ നില ഗുരുതരമാണ്. ജിജൽ, ബെജായ, ടിസി ഔസു പ്രവിശ്യകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
കനത്ത ഉഷ്ണതരംഗത്തിനിടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീ പടർന്നത്. ഒരുദിവസം മാത്രം 154 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തതായി ആഭ്യന്തരമന്ത്രി സഈദ് സയൂദ് അറിയിച്ചു. ബെജായയിൽ മാത്രം 36 തീപിടിത്തങ്ങളുണ്ടായി. നിരവധി കുടുംബങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.
ബെജായയിലും ജിജലിലും നിരവധി കേന്ദ്രങ്ങളിൽ തീ അണയ്ക്കാനുള്ള പ്രവർത്തനം തുടരുകയാണ്. ശക്തമായ കാറ്റും ഉയർന്ന താപനിലയും തീ നിയന്ത്രിക്കുന്നത് ദുഷ്കരമാക്കുന്നുണ്ട്. വരൾച്ചയും കാലാവസ്ഥാ വ്യതിയാനവും വടക്കൻ അൾജീരിയയിൽ കാട്ടുതീയുടെ തീവ്രത വർധിപ്പിക്കുന്ന ഘടകങ്ങളാണെന്നാണ് വിലയിരുത്തൽ.

