പുതുപ്പള്ളി: ലോകപ്രശസ്ത വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ ഞായറാഴ്ച പുതുപ്പള്ളിയിലെത്തുന്നു. രാവിലെ 10 മണിക്ക് പുതുപ്പള്ളിയിലെത്തുന്ന അദ്ദേഹം, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന പ്രത്യേക പൊതുപരിപാടിയിൽ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി പുതുപ്പള്ളി പൈതൃക സാംസ്കാരിക സമിതിയുടെ ലോഗോ പ്രകാശനവും വിദ്യാർത്ഥികളുമായുള്ള സംവാദവും നടക്കും. കേരളത്തിന്റെയും പുതുപ്പള്ളിയുടെയും തനത് കലാ-സാംസ്കാരിക പാരമ്പര്യം വിളിച്ചോതി കഥകളി, പുലികളി, കൂടിയാട്ടം, കളരിപ്പയറ്റ്, തിരുവാതിര, കൂത്ത്, പഞ്ചാരിമേളം ഉൾപ്പെടെയുള്ള 11 കലാരൂപങ്ങൾ അണിനിരക്കുന്ന പ്രത്യേക ഘോഷയാത്രയോടെയാണ് ക്രിസ് ഗെയ്ലിനെ സ്വീകരിക്കുക.
പുതുപ്പള്ളിയുടെ കായിക-സാംസ്കാരിക മേഖലകളുടെ വികസനത്തിന് അന്താരാഷ്ട്ര ശ്രദ്ധയും പുതിയ സാധ്യതകളും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ജനപ്രതിനിധികൾ, കലാ-സാംസ്കാരിക-കായിക രംഗങ്ങളിലെ പ്രമുഖർ, വിദ്യാർത്ഥികൾ, കായികതാരങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും.
പൊതുപരിപാടിക്ക് ശേഷം മടങ്ങുന്ന വഴി വെണ്ണിമലയിൽ അന്താരാഷ്ട്ര സ്റ്റേഡിയത്തിനായി പരിഗണിക്കുന്ന സ്ഥലവും ക്രിസ് ഗെയ്ൽ സന്ദർശിക്കും. പുതുപ്പള്ളിയെ മികച്ച കായിക സൗകര്യങ്ങളുള്ള ഒരു കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ ഈ സന്ദർശനം വലിയ പ്രചോദനമാകുമെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ അറിയിച്ചു.

