ഹോർമുസ് കടലിടുക്ക്: ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്തതായി യുഎസ്

വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകളിൽ ഇറാൻ സ്ഥാപിച്ച കടൽമൈനുകൾ നീക്കം ചെയ്തതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ദൗത്യം പൂർത്തിയായതോടെ അന്താരാഷ്ട്ര കപ്പൽപാതകൾ തുറന്നതായും കപ്പൽ ഗതാഗതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും CENTCOM കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു.

നാവികസേനയിലെ ഡൈവർമാർ, പ്രത്യേക സേനകൾ, വ്യോമസേന എന്നിവ ഉൾപ്പെടെയുള്ള വിഭാഗങ്ങൾ മാസങ്ങളായി നടത്തിയ അപകടകരമായ ദൗത്യത്തിലൂടെയാണ് മൈനുകൾ നീക്കം ചെയ്തതെന്നാണ് യുഎസ് വിശദീകരണം. ഏപ്രിൽ മുതൽ തന്നെ കടലിടുക്കിലെ മൈൻ നീക്കം ചെയ്യാനുള്ള നടപടികൾ യുഎസ് ആരംഭിച്ചിരുന്നു.

കഴിഞ്ഞ മാസങ്ങളിൽ ഏകദേശം 1,500 വാണിജ്യ കപ്പലുകൾ കടലിടുക്കിലൂടെ സഞ്ചരിച്ചതായും ഇവ ഏകദേശം 75 കോടി ബാരൽ അസംസ്കൃത എണ്ണ കൊണ്ടുപോയതായും CENTCOM അറിയിച്ചു. എന്നാൽ സാധാരണ നിലയുമായി താരതമ്യം ചെയ്യുമ്പോൾ കപ്പൽ ഗതാഗതം ഇപ്പോഴും വളരെ കുറവാണ്.

അതേസമയം, ഹോർമുസ് കടലിടുക്കിന്റെ സ്ഥിതിഗതികൾ പൂർണമായി സാധാരണ നിലയിലായിട്ടില്ല. ഇറാനും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നയതന്ത്രശ്രമങ്ങൾ തുടരുകയാണ്.

ലോകത്തിലെ പ്രധാന എണ്ണ ഗതാഗതപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ തടസ്സം ആഗോള എണ്ണവിപണിയെയും ഊർജവിതരണത്തെയും നേരിട്ട് ബാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *