പ്രസംഗവേദിയിൽ നിന്ന് ആഗോള കൂട്ടായ്മയിലേക്ക്; ഓർമ്മ സീസൺ 4ന് ഫിലാഡൽഫിയയിൽ പ്രൗഢഗംഭീര തുടക്കം

ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ഭാഷാപാടവവും ചിന്താശേഷിയും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ നാലാം സീസണിന് ഫിലാഡൽഫിയയിൽ പ്രൗഢഗംഭീരമായ തുടക്കമായി. ഓഗസ്റ്റ് 19-ന് ഫിലാഡൽഫിയ സെയിന്റ് തോമസ് സീറോ മലബാർ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിൽ നടന്ന “An Evening of Celebration, Partnership & Community” എന്ന പ്രത്യേക പരിപാടിയിലാണ് സീസൺ 4 ഔദ്യോഗികമായി കിക്കോഫ് ചെയ്തത്.

ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ന്റെ ഔദ്യോഗിക ലോഞ്ച്, ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, 24 ന്യൂസിന്റെ നേതൃത്വത്തിലുള്ള ‘Million Malayalee Club’ (MMC) സംരംഭത്തിന്റെ സൈനിംഗ്-ഇൻ എന്നീ മൂന്ന് പ്രധാന പരിപാടികളുടെ സംഗമവേദിയായാണ് ചടങ്ങ് മാറിയത്.

നിശ്ശബ്ദ പ്രാർഥനയോടെയും അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനങ്ങളോടെയും ആരംഭിച്ച ചടങ്ങിൽ, ഓർമ്മയുടെ ഒന്നാം സീസൺ മുതൽ നാലാം സീസണിലേക്കുള്ള വളർച്ചയും പ്രധാന നേട്ടങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക ഹ്രസ്വ വീഡിയോയും ടൈംലൈനും പ്രദർശിപ്പിച്ചു. ഓർമ്മയുടെ വിജയയാത്ര പരിചയപ്പെടുത്തിയ ഈ അവതരണം പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ നിർവഹിച്ചു.

ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ് സീസൺ 4ന്റെ ആമുഖം അവതരിപ്പിച്ചു. മുൻ മൂന്ന് സീസണുകളുടെ വിജയവും, മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നൽകുന്ന ഓർമ്മയുടെ പ്രത്യേക മാതൃകയും അദ്ദേഹം വിശദീകരിച്ചു. സീസൺ 4ൽ വേൾഡ് മലയാളി ഫെഡറേഷനുമായുള്ള (WMF) ആഴത്തിലുള്ള ആഗോള സഹകരണം പ്രധാന പ്രത്യേകതയാണെന്നും, സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെയും WMF ടീമിന്റെയും പിന്തുണയോടെ മത്സരത്തിന്റെ സന്ദേശം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.. കഴിഞ്ഞ സീസണുകളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സ്പോൺസർമാർ, അഭ്യുദയകാംക്ഷികൾ, പരിശീലകർ, മുൻ മത്സരാർത്ഥികൾ, സ്കൂൾ-കോളേജ് പ്രിൻസിപ്പൽമാർ, അധ്യാപകർ, മാധ്യമപ്രവർത്തകർ, ജഡ്ജുമാർ, മാർക്കറ്റിംഗ് ടീം അംഗങ്ങൾ, വിവിധ സംഘടനാ നേതാക്കൾ, ഓർമ്മ ടീം അംഗങ്ങൾ എന്നിവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

തുടർന്ന് വിശിഷ്ടാതിഥികളുടെയും ഓർമ്മ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ച് സീസൺ 4 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. MMC സംരംഭത്തിന്റെ സൈനിംഗ്-ഇൻ ചടങ്ങും ഇതോടൊപ്പം നടന്നു.

ചടങ്ങിൽ ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രവർത്തനങ്ങളെയും പുതിയ സീസണിന്റെ ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിച്ച അദ്ദേഹം, മുൻ സീസണുകൾക്ക് ലഭിച്ച ജനപിന്തുണയും കൂട്ടായ്മയും നാലാം സീസണിന്റെ വിജയത്തിനും കരുത്താകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

24 ന്യൂസ് എഡിറ്റർ-ഇൻ-ചാർജ് പി. പി. ജെയിംസ് മുഖ്യാതിഥിയായി പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികളെ ഒരു വലിയ ആഗോള ശൃംഖലയിലൂടെ ബന്ധിപ്പിക്കുകയും മലയാളി സമൂഹത്തിന്റെ ഐക്യവും ശക്തിയും വർധിപ്പിക്കുകയുമാണ് MMCയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. MMCയുമായി അമേരിക്കയിൽനിന്ന് കൈകോർക്കുന്ന ആദ്യ സംഘടനയായി ഓർമ്മ ഇന്റർനാഷണൽ മാറിയതിൽ അദ്ദേഹം നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്തു.

C News Live & CN Global Movies CEO ഡോ. ലിസി കെ. ഫെർണാണ്ടസ്, പെൻസിൽവാനിയ കോമൺവെൽത്തിന്റെ മുൻ സ്പീക്കർ ഹോൺ. ജോൺ എം. പെർസൽ, ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സന്ദേശങ്ങൾ നൽകി. ഓർമ്മയുടെ തീം സോങ്ങിന് സംഗീതം നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷം ഡോ. ലിസി കെ. ഫെർണാണ്ടസ് പങ്കുവെച്ചപ്പോൾ, പൊതുരംഗത്തും നേതൃത്വമേഖലയിലും ആശയവിനിമയശേഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ജോൺ എം. പെർസൽ ഓർമ്മിപ്പിച്ചു. ഫൊക്കാനയുടെയും WMFന്റെയും പൂർണ്ണ പിന്തുണയും സഹകരണവും ഫിലിപ്പോസ് ഫിലിപ്പും ഡോ. ആനി ലിബുവും ഉറപ്പുനൽകി.

ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ മലയാളി ലെഫ്റ്റനന്റാകാൻ ഒരുങ്ങുന്ന, നിലവിലെ സെർജന്റായ ബ്ലെസ്സൺ മാത്യുവിനെ ചടങ്ങിൽ ഓർമ്മ ഇന്റർനാഷണൽ പ്രത്യേകമായി അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ രണ്ടാം സീസൺ ഔദ്യോഗികമായി ലോഞ്ച് ചെയ്തതും അദ്ദേഹമായിരുന്നു.

ഓർമ്മ ഇന്റർനാഷണൽ ലീഗൽ ചെയർ അറ്റോർണി ജോസഫ് കുന്നേൽ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. തുടർന്ന് ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റ് ഡോ. ബിന്ദു ആലപ്പാട്ട്, ജോർജ് മാത്യു സി.പി.എ. (കല), പമ്പ പ്രസിഡന്റ് അലക്സ് തോമസ്, ഐ.ഒ.സി. ചെയർമാൻ സാബു സ്കറിയ, ഇമലയാളി ഉടമ ജോർജ് ജോസഫ്, ഓർമ്മ മുൻ പ്രസിഡന്റ് ജോർജ് നടവയൽ എന്നിവരും സംസാരിച്ചു.

മലയാള മനോരമ മുൻ എഡിറ്റർ ജോൺ മുണ്ടക്കയം, ഓർമ്മ ടാലന്റ് പ്രമോഷൻ ഫോറം ഡയറക്ടർ ജയരാജ് ആലപ്പാട്ട്, ഫിലാഡൽഫിയ നഗരസഭയിലെ Compliance and Monitoring വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മാത്യു തരകൻ, WMC സെക്രട്ടറി ലൂക്കോസ് മാത്യു, ലൈല മാത്യു (പിയാനോ), ജിമോൻ ജോർജ് (കോട്ടയം അസോസിയേഷൻ), ലിജോ ജോർജ് (പ്രസ് ക്ലബ്), ചാർളി ചിറയത്ത് (IACA), വിവിധ സംഘടനാ നേതാക്കളായ മില്ലി ഫിലിപ്പ്, ജോൺ പണിക്കർ, സുധ കാർത്ത, റെനി ജോസഫ്, സിബിച്ചൻ മുക്കാടൻ, തങ്കച്ചൻ സാമുവൽ എന്നിവരും പങ്കെടുത്തു. സ്പോൺസർമാരായ ഡോ. ഷെറി ജോസ്, ബിനു മാനുവൽ, രാജേഷ് തോമസ്, പോളച്ചൻ വറീദ്, ജോജി ചെറുവേലിൽ, മാനുവൽ തോമസ് എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി.

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നാല് ഘട്ടങ്ങളിലായാണ് സീസൺ 4 സംഘടിപ്പിക്കുന്നത്. സബ് ജൂനിയർ വിഭാഗത്തിനായി പ്രത്യേക ഓൺലൈൻ മത്സരവും ഒരുക്കിയിട്ടുണ്ട്. മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നൽകി വിദ്യാർത്ഥികളിൽ ആശയവിനിമയശേഷി, അവതരണ മികവ്, ആത്മവിശ്വാസം, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തിയെടുക്കുകയാണ് ഓർമ്മ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *