ഫിലാഡൽഫിയ: ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ നാലാം സീസൺ ഗ്രാൻഡ് ഫിനാലെ 2027 ഓഗസ്റ്റിൽ പാലായിൽ നടക്കും. 2026 സെപ്റ്റംബർ 15-ന് ആരംഭിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന മത്സരപരമ്പരയ്ക്ക് ആകെ 10 ലക്ഷം രൂപയുടെ സമ്മാനത്തുകയാണുള്ളത്. മത്സരത്തിന്റെ രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങളും www.ormaspeech.org എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ ലഭ്യമാകും.
സീസൺ 4-ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് കേരളത്തിൽ “വാഗ്മിത്വത്തിലേക്ക് ഒരു ചുവട്” എന്ന പേരിൽ തുടക്കം കുറിച്ചിരുന്നു. ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ നിർവഹിച്ചു. തുടർന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന പോസ്റ്റർ ലോഞ്ചിംഗ് പരിപാടികളിൽ വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർ, വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു കുര്യൻ എന്നിവർ പങ്കെടുത്തു.
കേരളത്തിൽ ആരംഭിച്ച പ്രചാരണത്തിന്റെ തുടർച്ചയായാണ് ഫിലാഡൽഫിയയിൽ സീസൺ 4-ന്റെ ഔദ്യോഗിക യു.എസ്. കിക്കോഫ് വിജയകരമായി സംഘടിപ്പിച്ചത്. ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, മീഡിയ ചെയർ അരുൺ കോവാട്ട്, പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈല രാജൻ, ജോയിന്റ് സെക്രട്ടറി സെബിൻ സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് പരിപാടി നടത്തിയത്.
എയ്‌മിലിൻ റോസ് തോമസും മെർളിൻ മേരി അഗസ്റ്റിനും പരിപാടിയുടെ അവതാരകരായി പ്രവർത്തിച്ചു. ഓർമ്മ ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു. വിവിധ സാമൂഹിക, സാംസ്കാരിക, മാധ്യമ സംഘടനകളുടെയും നേതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന സംഗമം, ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയിലേക്ക് പ്രസംഗകലയുടെ സന്ദേശം വിപുലമായി എത്തിക്കാനുള്ള പുതിയൊരു കൂട്ടായ്മയുടെ തുടക്കമായി മാറി.

