ന്യൂകാസിൽ: ഓസ്‌ട്രേലിയയിലെ ഹണ്ടർ മലയാളി സമാജത്തിന്റെ (HUMSAM) ഈ വർഷത്തെ ഓണാഘോഷമായ ‘സർഗം 2026’ ഇന്ന് (ആഗസ്റ്റ് 29, ശനിയാഴ്ച) ജെസ്‌മൻ കാമ്പസിലുള്ള കല്ലാഗൻ കോളേജിൽ (Callaghan College, Jesmond Campus) വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. “ഒന്നിച്ച് നമ്മൾ കളറാക്കും” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ഈ ആഘോഷ പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ ബെഥേൽ ഡിസെബിലിറ്റി സർവീസസ് (Bethel Disability Services) ആണ്.
രാവിലെ 10:00 മണിക്ക് ആരംഭിച്ച രജിസ്‌ട്രേഷന് പിന്നാലെ, രാവിലെ 10:30 മുതൽ പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിട്ടുണ്ട് (സദ്യ ഉച്ചയ്ക്ക് 01:15-ന് ശേഷം ലഭ്യമായിരിക്കില്ല). തുടർന്ന് ഉച്ചയ്ക്ക് 01:15-ന് ഓണം ഘോഷയാത്രയും, 01:30-ന് ഔദ്യോഗിക ഉദ്ഘാടനവും നടക്കും. ഉച്ചകഴിഞ്ഞ് 02:30 മുതൽ വിവിധ കലാപരിപാടികളും അരങ്ങേറും. വൈകുന്നേരം 06:00 മുതൽ 07:00 വരെയാണ് അത്താഴം ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്ത പിന്നണി ഗായിക അമൃത സുരേഷ് നയിക്കുന്ന ‘അമൃതം ഗമയ’ മെഗാ സ്റ്റേജ് ഷോയാണ് ആഘോഷങ്ങളിലെ പ്രധാന ആകർഷണം. രാത്രി 07:00 മുതൽ 10:00 വരെയാണ് അമൃത സുരേഷും സംഘവും നയിക്കുന്ന സംഗീതവിരുന്ന് അരങ്ങേറുന്നത്. പരിപാടി നടക്കുന്ന വേദിയിൽ ഉടനീളം ചായ സ്റ്റാളും മറ്റ് ലഘുഭക്ഷണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പ്രവാസലോകത്തെ മലയാളി കൂട്ടായ്മയുടെ സ്നേഹവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന ഈ മഹാസംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

