പഞ്ചാരപാൽപ്പായസവും മുഖസ്തുതിയും ഇഷ്ടപ്പെടാത്തവരുണ്ടോ എന്നതുപോലെയാണ് പൊന്നോണം ആർക്കാണ് ഇഷ്ടപ്പെടാത്തത്? ലോകമെങ്ങും ഓണം മുഴക്കോലുപോലെ നീണ്ടുകിടക്കുന്നു. അവിടെയെല്ലാം കുടവയറൻ മാവേലിയും, പുലികളും, ചെണ്ടമേളവും, കിറ്റ് വിതരണവും ഓണപരിപാടികളും ഒരുമിച്ചിരുന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഓണാനന്ദവും സ്നേഹവും സൗഹൃദവും മനസ്സിന് സർവസമ്പൂർണതയും നൽകുന്നു.
ഇവിടെ പ്രാന്തവൽക്കരിക്കപ്പെട്ടവരോ മേലാളനോ കീഴാളനോ ഇല്ല. സത്യത്തിൽ ഓണത്തിന്റെ കണക്കെടുപ്പ് നടത്തിയാൽ ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്നത് മദ്യമാഫിയയാണ്. സാധുമനുഷ്യരെ അബോധാവസ്ഥയിലാക്കി വിളവെടുപ്പ് നടത്തുന്ന സർക്കാരുകൾ; ആ കൂട്ടത്തിൽ പറയും ബോധവൽക്കരണം നടത്തുമെന്ന്. ഓണം വന്നാലും ഉണ്ണിപിറന്നാലും കോരന് കുമ്പിളിൽ കഞ്ഞി തന്നെ. എവിടെയാണ്, ആരിലാണ് ഐശ്വര്യമുള്ള സമ്പദ്‌സമൃദ്ധി നിറഞ്ഞ ഓണരാവുകൾ?
മലയാളിയുടെ ദേശീയോത്സവമാണ് ഓണം. ശാന്തിയും സമാധാനവും നിറഞ്ഞ മാവേലിമന്നന്റെ നാട്ടിൽ മനുഷ്യരെല്ലാം ഒന്നുപോലെയായിരുന്നു. അന്ന് ജാതിമത ശക്തികൾ ജനിച്ചിട്ടില്ല. ഓണത്തെപ്പറ്റി പല ഐതിഹ്യങ്ങളുമുണ്ട്. പാശ്ചാത്യനായ ലോഗന്റെ മലബാർ മാനുവലിൽ എഴുതിയത് വാമനപ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രത്തിലെ ഒരു ഉത്സവമായിട്ടാണ് കേരളത്തിൽ ആഘോഷിക്കപ്പെട്ടതെന്നാണ്. സത്യധർമ്മത്തിൽ നാട് ഭരിച്ച മഹാബലിയെ ജനങ്ങൾ ഏറെ ആരാധിച്ചിരുന്നു. വാമനൻ മഹാബലിയെ ചവിട്ടിത്താഴ്ത്തിയെന്നും, മാവേലി ഭരിച്ചിരുന്നത് മാവേലിക്കരയെന്നും ഇങ്ങനെ പലവിധ വാദമുഖങ്ങൾ കേട്ടിട്ടുണ്ട്.
എ.ഡി. ഏഴാം നൂറ്റാണ്ടിന് മുൻപേ ഓണം ആഘോഷിച്ചതായി പെരിയാഴ്‌വരുടെ ‘പല്ലാണ്ട്’ എന്ന കൃതിയിൽ വിവരിക്കുന്ന രേഖയുണ്ട്. കഥകൾ എന്തായാലും ക്രിസ്തുവില്ലാത്ത ക്രിസ്മസ് പോലെ മാവേലിമന്നന്റെ ഗുണമോ മണമോ ഇന്ന് ഭരിക്കുന്നവരിൽ ഇല്ലെന്നുള്ളത് അവരുടെ പ്രവർത്തികളിൽ വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. ജാതിമത രാഷ്ട്രീയ വേലികെട്ടുകൾക്കപ്പുറം സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ ചലനങ്ങൾ മനുഷ്യഹൃദയങ്ങളെ ധൈര്യചിത്തരാക്കട്ടെ.
മലയാളി മൂക്കറ്റം കുടിച്ച് കൂത്താടുന്നതിനിടയിൽ തിരുവനന്തപുരത്ത് ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളും പോലീസുകാരും ചേർന്ന് ഓണം ആഘോഷിക്കുക മാത്രമല്ല, അതിന്റെ റീൽസ് ചിത്രീകരണം പുറത്താവുകയും ചെയ്തു. ആവേശകരമായ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഇതിന് ലഭിച്ചത്. കഞ്ചാവ് കൃഷിക്കാരെ തുഫാൻ തൂക്കിയെടുക്കുമ്പോൾ ഓണത്തിനിടയ്ക്ക് കുറ്റവാളികളുമായി ഒരു പുട്ടുകച്ചവടം പോലീസ് നടത്തുമെന്ന് ആരും കരുതിയില്ല.
ഓണക്കാലത്തും മദ്യപാനികളായ പോലീസുകാർ തമ്മിൽത്തല്ലുന്നതും ജനങ്ങൾ കണ്ടു. ഇതിലൂടെ നിയമവകുപ്പിന്റെ മാനവികതാബോധം വെളിപ്പെടുന്നു. ഇങ്ങനെ ഓരോ രംഗവും തകർന്ന് തരിപ്പണമായി, പ്രശ്നജടിലമായി കിടക്കുകയാണ്. കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ ഓണരാവുകൾ എത്ര സുന്ദരമാണ്! ഊഷ്മളമായ സ്നേഹസാഹോദര്യത്തിന് പകരം സ്വാർത്ഥത നിറഞ്ഞ കാപട്യം നിറഞ്ഞ ഓണക്കിറ്റുകളായി നമ്മുടെ ഓണം മാറിയില്ലേ?

കാരൂർ സോമൻ (ചാരുംമൂടൻ)

