ഡോളറിനെ ഒഴിവാക്കണം; യുഎസ് സാമ്പത്തിക സമ്മർദത്തെ ചെറുക്കണമെന്ന് ഇറാൻ പരമോന്നത നേതാവ്

ടെഹ്‌റാൻ: അമേരിക്കയുടെ സാമ്പത്തിക സമ്മർദത്തെ നേരിടാൻ ഇറാൻ ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്തണമെന്നും ഇടപാടുകളിൽനിന്ന് ഡോളറിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കണമെന്നും പരമോന്നത നേതാവ് ആയത്തുല്ലാ മുജ്തബ ഖമനയി ആഹ്വാനം ചെയ്തു.

അമേരിക്കൻ സാമ്പത്തിക ഉപരോധങ്ങൾ ശക്തമാകുന്നതിനിടെയാണ് ഖമനയിയുടെ പ്രതികരണം. ഇറാൻ സമ്പദ്‌വ്യവസ്ഥയിൽ ആഭ്യന്തര ഉൽപാദനത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും അമേരിക്കയ്ക്കു മുന്നിൽ കീഴടങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക ഐക്യത്തെ ദുർബലപ്പെടുത്തുന്ന പ്രസ്താവനകൾ ഒഴിവാക്കാനും ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്ക അടുത്തിടെ ഇറാനെതിരായ സാമ്പത്തിക സമ്മർദം കൂടുതൽ ശക്തമാക്കിയിരുന്നു. പുതിയ ഉപരോധ നടപടികളിൽ ഇറാനുമായി സാമ്പത്തിക ബന്ധമുള്ള സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്ന നടപടികളുണ്ട്.

ഇറാന്റെ വിദേശവ്യാപാരവും എണ്ണവിൽപ്പനയും തടസ്സപ്പെട്ടതോടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കടുത്ത സമ്മർദം നേരിടുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് ഡോളറിനെ ആശ്രയിക്കുന്നത് കുറച്ച് ആഭ്യന്തര ഉൽപാദനത്തിലൂടെ സാമ്പത്തിക പ്രതിരോധം ശക്തിപ്പെടുത്തണമെന്ന ഖമനയിയുടെ ആഹ്വാനം.

Leave a Reply

Your email address will not be published. Required fields are marked *