തിരുവനന്തപുരം: നേപ്പാളിലെ പ്രളയത്തിൽ കുടുങ്ങിയതായി വിവരം ലഭിച്ച 82 മലയാളികളിൽ 60 പേർ സുരക്ഷിതരാണെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. എന്നാൽ എട്ട് മലയാളികളുമായി ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഇവരിൽ നാലുപേർ ഓസ്ട്രേലിയൻ പൗരത്വമുള്ളവരാണ്.
കാണാതായവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. പട്ടികയിലെ മറ്റ് 14 പേർ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും നോർക്ക അറിയിച്ചു.
അതേസമയം, 19 മലയാളികൾ ഉൾപ്പെടുന്ന 23 അംഗ കൈലാസ് മാനസരോവർ തീർഥാടക സംഘം ടിബറ്റിലെ ദർച്ചനിൽ നിന്ന് സാഗയിലേക്കും തുടർന്ന് കാഠ്മണ്ഡുവിലേക്കും യാത്ര തുടരുകയാണ്. ഓഗസ്റ്റ് 31ന് സംഘം കാഠ്മണ്ഡുവിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ.
നേപ്പാൾ പ്രളയത്തിൽ ഇന്ത്യക്കാരെ കണ്ടെത്തുന്നതിനും നാട്ടിലെത്തിക്കുന്നതിനുമുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയവും നോർക്കയും തുടരുകയാണ്. ഇന്ത്യക്കാരായ 320 പേരുമായി ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

