ന്യൂഡൽഹി: അമേരിക്കയിൽനിന്ന് ജാവലിൻ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചു. യുഎസ് സർക്കാരിന്റെ ഫോറിൻ മിലിട്ടറി സെയിൽസ് (FMS) സംവിധാനത്തിലൂടെയാണ് കരാർ നടപ്പാക്കുന്നത്. കരാറിന്റെ ആകെ തുകയും മിസൈലുകളുടെ കൃത്യമായ എണ്ണവും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ടാങ്കുകളും മറ്റ് കവചിത വാഹനങ്ങളും ലക്ഷ്യമിടാൻ ഉപയോഗിക്കുന്ന, സൈനികർക്ക് വഹിച്ച് പ്രയോഗിക്കാവുന്ന സംവിധാനമാണ് ജാവലിൻ. ലക്ഷ്യം ലോക്ക് ചെയ്ത ശേഷം മിസൈൽ സ്വയം ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്ന ‘ഫയർ ആൻഡ് ഫോർഗെറ്റ്’ സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രധാന സവിശേഷത. താപ ഇൻഫ്രാറെഡ് സംവിധാനത്തിലൂടെ പകലും രാത്രിയും വിവിധ കാലാവസ്ഥകളിലും ലക്ഷ്യം കണ്ടെത്താൻ കഴിയും.
ഇന്ത്യ–അമേരിക്ക പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ സൂചനയാണ് കരാറെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു. ഭാവിയിൽ ജാവലിൻ സംവിധാനങ്ങൾ ഇന്ത്യയിൽ സംയുക്തമായി നിർമിക്കുന്നതിനുള്ള സാധ്യതകൾക്കും കരാർ വഴിതുറക്കുമെന്ന് യുഎസ് എംബസി വ്യക്തമാക്കി.

