വെനസ്വേലൻ എണ്ണയിൽ അമേരിക്കയ്ക്ക് നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറെന്ന് ട്രംപ്

വാഷിങ്ടൺ: വെനസ്വേലയിലെ 65 ബില്യണിലേറെ ബാരൽ തെളിയിക്കപ്പെട്ട എണ്ണശേഖരത്തിൽ ഭൂരിപക്ഷ നിയന്ത്രണം അമേരിക്കയ്ക്ക് ലഭിക്കുന്ന കരാറിൽ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്നും ട്രംപ് അറിയിച്ചു.

വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സത്തും നടത്തിയ ചർച്ചകളിലൂടെയാണ് കരാർ രൂപപ്പെട്ടതെന്നാണ് വിവരം. 17 എണ്ണപ്പാടങ്ങളുടെ വികസനമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. വെനസ്വേലയിൽ ഏകദേശം 100 ബില്യൺ ഡോളറിന്റെ സ്വകാര്യ നിക്ഷേപം എത്തിക്കാനും രാജ്യത്തിന് 209 ബില്യൺ ഡോളറിലധികം നികുതി വരുമാനം ലഭിക്കാനും കരാർ സഹായിക്കുമെന്ന് റോഡ്രിഗസ് സർക്കാർ അറിയിച്ചു.

പുതിയ സംയുക്ത സ്വകാര്യ കമ്പനിയിൽ അമേരിക്കയ്ക്ക് ഏകദേശം 55 ശതമാനം ഫലപ്രദമായ വിഹിതം ലഭിക്കുമെന്നും ഉൽപാദിപ്പിക്കുന്ന എണ്ണ ചെലവിൽ വാങ്ങാനുള്ള അവകാശം അമേരിക്കയ്ക്കുണ്ടാകുമെന്നും യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. കരാറിലെ മുഴുവൻ വ്യവസ്ഥകളും ഇതുവരെ പരസ്യമാക്കിയിട്ടില്ല.

അമേരിക്കയിലെ ഇന്ധനവില കുറയ്ക്കാനും രാജ്യത്തിന്റെ തന്ത്രപ്രധാന എണ്ണശേഖരം പുനർനിറയ്ക്കാനും കരാർ സഹായിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. എന്നാൽ വെനസ്വേലയുടെ എണ്ണ ഉൽപാദനം വർധിപ്പിക്കാൻ അടിസ്ഥാനസൗകര്യങ്ങളുടെ പുനർനിർമാണം ആവശ്യമായതിനാൽ അതിന്റെ ഫലം ഉടൻ ലഭിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *