സിഡ്നി: സിഡ്നിയിലെ എലിസബത്ത് ബേയിൽ അപ്പാർട്ട്മെന്റിന്റെ എട്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് 40-കാരൻ ദാരുണമായി മരണപ്പെട്ടു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ഓൺസ്ലോ അവന്യൂവിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം.
ഒരു അന്വേഷണത്തിന്റെ ഭാഗമായി 40-കാരനുമായി സംസാരിക്കാനെത്തിയതായിരുന്നു പോലീസ് സംഘം. എന്നാൽ ഫ്ലാറ്റിനുള്ളിലുണ്ടായിരുന്ന 38 വയസ്സുള്ള യുവതി പോലീസിനെ അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. തുടർന്ന് ഇവർ പുറത്തേക്ക് പോവുകയും ഉദ്യോഗസ്ഥർ ഫ്ലാറ്റിന് പുറത്തുതന്നെ തുടരുകയും ചെയ്തു. എന്നാൽ മിനിറ്റുകൾക്കകം ബാൽക്കണിയിൽ നിന്നും യുവാവ് താഴേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്ഷിക്കാൻ ഉദ്യോഗസ്ഥരും പാരാമെഡിക്കൽ സംഘവും പരമാവധി ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടപ്പെട്ടു. മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങൾ വ്യക്തമാക്കാൻ സ്വതന്ത്ര നിരീക്ഷണത്തോടെയുള്ള ‘ക്രിട്ടിക്കൽ ഇൻസിഡന്റ്’ അന്വേഷണം ആരംഭിച്ചതായി ന്യൂ സൗത്ത് വെയിൽസ് പോലീസ് അറിയിച്ചു. ജീവന് അപകടസാധ്യതയുണ്ടെന്ന് സംശയം തോന്നുമ്പോൾ പോലീസിന് ബലം പ്രയോഗിച്ച് ഫ്ലാറ്റുകളിൽ പ്രവേശിക്കാൻ അനുമതി നൽകണമോ എന്നതിനെക്കുറിച്ചും പോലീസിന്റെ വഴി തടസ്സപ്പെടുത്തുന്നവർക്കെതിരെ നടപടി വേണമോ എന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾക്കും ഈ ദാരുണ സംഭവം വഴിവെച്ചിട്ടുണ്ട്.

