മെൽബൺ: വിക്ടോറിയ പോലീസ് ആസ്ഥാനത്തിന് മുന്നിൽ വെച്ച് രോഗിയായ പത്തുവയസ്സുകാരനായ മകനെ അക്രമിയുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്ക് ക്രൂരമായ മർദ്ദനവും കുത്തുമേറ്റു. ശസ്ത്രക്രിയ സാധ്യമല്ലാത്ത അപൂർവ്വ മസ്തിഷ്ക ട്യൂമർ ബാധിച്ച് ചികിത്സയിലുള്ള മകനെയും മറ്റ് രണ്ട് മക്കളെയും കൂട്ടി എത്തിയ ഷെറി ഹോൾട്ട് എന്ന സ്ത്രീക്കാണ് അക്രമിയുടെ കത്രിക കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്.
പോലീസ് ആസ്ഥാനത്തിന് മുന്നിൽ വെച്ച് അക്രമി പത്തുവയസ്സുകാരനായ കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു. ഉടൻ തന്നെ മക്കളെ രക്ഷിക്കാനായി മുന്നിലേക്ക് കയറിനിന്ന ഷെറിയെ ഇയാൾ കത്രിക ഉപയോഗിച്ച് നാല് തവണ കുത്തുകയും ക്രൂരമായി മർദ്ദിച്ച് കാലൊടിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന ധീരരായ നാട്ടുകാർ ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് കുട്ടിയെ വിശദമായ സ്കാനിംഗിന് വിധേയമാക്കിയെങ്കിലും തലയ്ക്ക് ഗുരുതരമായ പുതിയ തകരാറുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 27-കാരനായ ജെറി സോവുഡിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊതുനിരത്തിലെ ഇത്തരം ക്രൂരമായ അതിക്രമങ്ങളെ സാധാരണയായി കണ്ട് നിസ്സാരവൽക്കരിക്കാൻ കഴിയില്ലെന്നും നിയമങ്ങളിലും സംവിധാനങ്ങളിലും അടിയന്തര മാറ്റം അനിവാര്യമാണെന്നും പരിക്കേറ്റ ഷെറി വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ പ്രകോപനമില്ലാതെ അക്രമം നടത്തുന്നവർക്ക് പരോളില്ലാത്ത നിർബന്ധിത തടവുശിക്ഷ നൽകണമെന്ന ആവശ്യവും ഇതോടെ വീണ്ടും ശക്തമായിട്ടുണ്ട്.

