ഗായകൻ അങ്കിത് ബല്യാൻ വധക്കേസ്: രണ്ട് പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലക്നൗ: ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്റെ കൊലപാതകക്കേസിൽ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ ഉത്തർപ്രദേശ് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഗോ​ഗി സംഘത്തിൽപ്പെട്ടവരെന്ന് ആരോപിക്കപ്പെടുന്ന സുമിത്, മോഹിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് പോലീസും സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായാണ് നടപടി സ്വീകരിച്ചത്.

പോലീസിന് നേരെ പ്രതികൾ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഷാംലി എസ്പി നരേന്ദ്ര പ്രതാപ് സിങ് അറിയിച്ചു. സംഭവത്തിൽ മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 26നാണ് ഷാംലിയിൽ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടത്. ജിമ്മിൽനിന്ന് വ്യായാമം കഴിഞ്ഞ് പുറത്തിറങ്ങിയ അങ്കിതിന് നേരെ രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു.

കൊലപാതകത്തിന് പിന്നാലെ ഗോ​ഗി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട ഒരാൾ സാമൂഹികമാധ്യമങ്ങളിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സംഭവത്തിൽ പ്രതികളെ നാല് ദിവസത്തിനകം പിടികൂടിയില്ലെങ്കിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് അങ്കിത് ബല്യാന്റെ ഭാര്യ ഭീഷണി മുഴക്കിയിരുന്നതായും റിപ്പോർട്ടുണ്ട്. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അങ്കിതിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *