പ്രതിരോധ–ദുരന്തനിവാരണ മേഖലയിൽ ടെറിട്ടോറിയൽ ആർമി–ജെൻ റോബോട്ടിക്സ് സഹകരണം

കൊൽക്കത്ത: പ്രതിരോധ, ദുരന്തനിവാരണ മേഖലകളിൽ റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനായി ടെറിട്ടോറിയൽ ആർമിയും ജെൻ റോബോട്ടിക്സും ധാരണാപത്രത്തിൽ ഒപ്പുവച്ചു. കൊൽക്കത്തയിൽ നടന്ന ‘KYTA & TA 2.0’ സിമ്പോസിയത്തോടനുബന്ധിച്ച ചടങ്ങിലായിരുന്നു ധാരണ. ടെറിട്ടോറിയൽ ആർമി അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ എസ്.എസ്. പാട്ടീലും ജെൻ റോബോട്ടിക്സ് സിഇഒയും സഹസ്ഥാപകനുമായ വിമൽ ഗോവിന്ദ് എം.കെ.യും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

റോബോട്ടിക്സ് ഗവേഷണം, സാങ്കേതികവിദ്യാ വിലയിരുത്തൽ, പരിശീലനം, സാങ്കേതിക ശേഷി വികസനം എന്നിവയാണ് സഹകരണത്തിന്റെ പ്രധാന മേഖലകൾ. അപകടകരമായ സാഹചര്യങ്ങളിലെ റോബോട്ടിക് ഉപയോഗം, ദുരന്തനിവാരണം, ഇടുങ്ങിയതും സുരക്ഷിതമല്ലാത്തതുമായ ഇടങ്ങളിലെ പരിശോധന, നിർണായക അടിസ്ഥാനസൗകര്യങ്ങളുടെ പരിശോധന, എൻജിനീയറിങ് പിന്തുണ, എഐ അധിഷ്ഠിത റിമോട്ട് സെൻസിങ് എന്നിവയിലും സഹകരണമുണ്ടാകും.

സിമ്പോസിയത്തിൽ ജെൻ റോബോട്ടിക്സ് ജി-ബോട്ട്, ജെൻബോട്ട്, റോബോട്ടിക് റോവർ, ജി-കൈ തുടങ്ങിയ സാങ്കേതികവിദ്യകളും പ്രദർശിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ മാൻഹോൾ ശുചീകരണ റോബോട്ടായ ‘ബാൻഡിക്കൂട്ട്’ വികസിപ്പിച്ച കമ്പനിയാണ് ജെൻ റോബോട്ടിക്സ്. പ്രതിരോധ–ബഹിരാകാശ മേഖലകളിലെ ഉൽപ്പാദനത്തിനും ഗവേഷണത്തിനുമായി തിരുവനന്തപുരത്തെ തുമ്പയിൽ കമ്പനി പുതിയ കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *